തിരുവനന്തപുരം: യുവനടിയെ പീഡിപ്പിച്ച കേസിൽ, വിജയ് ബാബുവിനെ തിരികെ ഇന്ത്യയിലെത്തിക്കാൻ പൊലീസ് നീക്കം. വിജയ് ബാബുവിന്റെ പാസ്‌പോർട്ട് കണ്ടുകെട്ടാനാണ് ശ്രമം. അന്വേഷണവുമായി സഹകരിക്കാന്‍ വിജയ് ബാബു തയാറായില്ലെങ്കില്‍ പാസ്പോര്‍ട്ടും വീസയുമടക്കം റദ്ദാക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നും വിജയ് ബാബുവിനെ തേടി വിദേശത്ത് പോകേണ്ടി വന്നാൽ പോകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു. ഹാജരാകണമെന്ന് അറിയിച്ച് വിജയ് ബാബുവിന്‍റെ വീട്ടിൽ നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതി കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പീഡന പരാതിക്കു പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. കഴിഞ്ഞ 20 ന് ബെംഗളൂരു വഴിയാണ് ദുബായിലേക്ക് പോയത്. ഇയാളുടെ എമിഗ്രേഷന്‍ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അതേസമയം, മേയ് 16 ന് മുൻകൂർ ജാമ്യഹർജിയിൽ തീരുമാനം വന്നതിനുശേഷമേ വിജയ് ബാബു കീഴടങ്ങാൻ സാധ്യതയുള്ളൂവെന്നാണ് സൂചന. സര്‍ക്കുലര്‍ നിലനില്‍ക്കുന്നതുകൊണ്ട് മുന്‍കൂര്‍ ജാമ്യം ലഭിക്കാതെ തിരികെ എത്തിയാല്‍ വിമാനത്താവളത്തിൽവച്ചുതന്നെ അറസ്റ്റിലാവും.
ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരം വാഗ്‌ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
Read More: ‘ദുർബലരായ സ്ത്രീകളെ സഹായവാഗ്ദാനം നൽകി മുതലെടുക്കൻ ശ്രമിക്കുന്നയാൾ’; വിജയ് ബാബുവിനെതിരെ മറ്റൊരു യുവതി