കൽപ്പറ്റ: വയനാട് മീൻമുട്ടിയിൽ മാവോയിസ്റ്റുകൾക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി. തേനി ജില്ലയിലെ പെരിയകുളം സ്വദേശി വേൽമുരുകൻ (32) ആണ് കൊല്ലപ്പെട്ടതെന്നു പൊലീസ് സ്ഥിരീകരിച്ചു.
സംഘത്തിൽ ആറു പേരുണ്ടായിരുന്നതായും അഞ്ച് പേർ രക്ഷപ്പെട്ടതായുമാണ് പൊലീസ് നൽകുന്ന വിവരം. രക്ഷപ്പെട്ടവരിൽ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
മാവോയിസ്റ്റുകളാണ് പൊലീസിനു നേരെ ആദ്യം അക്രമം അഴിച്ചുവിട്ടതെന്ന് വയനാട് എസ്‌പി ജി.പൂങ്കുഴലി പറഞ്ഞു. മാവോയിസ്റ്റുകൾ എസ്‌ഐക്കും തണ്ടർബോൾട്ടിനുമെതിരെ വെടിവച്ചു. തുടർന്നാണ് പൊലീസ് തിരിച്ചടിച്ചതെന്നും ജി.പൂങ്കുഴലി പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് സംസ്ഥാനത്ത് വീണ്ടും പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടന്നതായി വാർത്തകൾ പുറത്തുവന്നത്. കേരള പൊലീസിന്റെ സായുധ സേന വിഭാഗമായ തണ്ടർബോൾട്ടാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. മീൻമുട്ടിയിൽനിന്ന് 800 മീറ്റർ അകലെ ബപ്പൻമലയിലാണു വെടിവയ്പുണ്ടായതെന്നാണു പ്രദേശവാസികളിൽനിന്നു ലഭിച്ച വിവരം. ഇന്നു രാവിലെ ഒൻപതോടെ വനത്തിന്റെ ഭാഗത്തുനിന്ന് രണ്ടുതവണ വൻശബ്ദം കേട്ടതായി പ്രദേശവാസികളിലൊരാൾ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
“ഒറ്റ വെടിയുടെ ശബ്‌ദമല്ല കേട്ടത്. അൽപ്പനേരം തുടർച്ചയായി നീണ്ടുനിന്ന ചെറിയ ഇടിമുഴക്കം പോലുള്ള ശബ്‌ദമാണ് കേട്ടത്. ആദ്യത്തെ ശബ്‌ദം കേട്ട് അഞ്ചു മിനിറ്റിനുശേഷമാണ് രണ്ടാമത്തെ ശബ്‌ദം കേട്ടത്. അതും കുറച്ചുനേരം നീണ്ടതായിരുന്നു. കോൺക്രീറ്റ് മിക്‌സിങ്ങിന് ഉപയോഗിക്കുന്ന ടിൻ ഷീറ്റ് നിലത്ത് വീഴുമ്പോഴുണ്ടാകുന്നതു പോലെയുള്ള ശബ്ദമായാണ് തോന്നിയത്. വെടിവയ്പാണെന്ന് ടിവി വാർത്തയിൽനിന്നാണ് അറിഞ്ഞത്,” പരിസരവാസികളിലൊരാൾ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
Also Read: വൈത്തിരി ഏറ്റുമുട്ടൽ വ്യാജം?; ജലീൽ വെടിവച്ചിട്ടില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്
പുൽമേടുകളും കാടും ഉൾപ്പെടുന്ന മലയിലാണു വെടിവയ്പ് നടന്നതെന്നാണ് പ്രദേശവാസികളിൽനിന്നുള്ള വിവരം. മാവോയിസ്റ്റുകൾ സാധാരണ വന്നുപോകുന്ന പ്രദേശമാണിതെന്നു പ്രദേശവാസികളിലൊരാൾ പറഞ്ഞു.
സംഭവസ്ഥലം പൂർണമായും തണ്ടർ ബോൾട്ട് ഉൾപ്പെടെയുള്ള പൊലീസ് സേനയുടെ നിയന്ത്രണത്തിലാണ്. ഇവിടേക്കു പ്രദേശവാസികൾ ഉൾപ്പെടെയുള്ളവരെ പൊലീസ് അടുപ്പിക്കുന്നില്ല. മാവോയിസ്റ്റ് സംഘത്തിൽ മൂന്ന് പേരാണുണ്ടായിരുന്നതെന്നാണ് പൊലീസിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ. വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് ആസ്ഥാനവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇന്ത്യൻഎക്സ്പ്രസ് മലയാളത്തോട് പ്രതികരിച്ചു.
Also Read: മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ: അന്വേഷണം വേണമെന്ന് ഹൈക്കോടതി
ഈ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് ഇത് നാലാം തവണയാണ് പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടക്കുന്നത്. ഇന്നത്തെ സംഭവത്തിൽ ഉൾപ്പെടെ എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പാലക്കാട് അട്ടപ്പാടിയിലെ മഞ്ചക്കണ്ടി, മലപ്പുറം നിലമ്പൂർ കരുളായി, വയനാട് ജില്ലയിലെ തന്നെ വൈത്തിരി എന്നിവിടങ്ങളിൽ നേരത്തേ ഏറ്റുമുട്ടലുകൾ നടന്നിരുന്നു. മഞ്ചക്കണ്ടിയിലുണ്ടായ വെടിവയ്പിൽ നാലും കരുളായിയിൽ രണ്ടും പേരും വൈത്തിരിയിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്.
അതിനിടെ, പടിഞ്ഞാറത്തറയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. തോക്കും ലാത്തിയും കൊണ്ടല്ലെ മാവോയിസ്റ്റുകളെ നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Also Read: പന്തീരാങ്കാവ് യുഎപിഎ കേസ്: അലനും താഹയ്ക്കും ജാമ്യം
ആന്ധ്രാ പ്രദേശിലോ ചത്തീസ്‌ഗഡലോ ഉള്ളതുപോലുള്ള തീവ്ര ഗ്രൂപ്പല്ല കേരളത്തിൽ പ്രവര്‍ത്തിക്കുന്നത്. കുറേ പട്ടിണി പാവങ്ങളാണ്. അവരെയാണ് വെടിവച്ച് കൊല്ലുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പത്ത് വ്യാജ ഏറ്റുമുട്ടലുകളാണ് നടന്നത്. ഇവയെക്കുറിച്ചെല്ലാം സമഗ്ര അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.