ചേര്‍ത്തല കെവിഎം ആശുപത്രിക്കു മുന്‍പില്‍ ദേശീയപാത ഉപരോധിച്ച നഴ്സുമാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ്. ലാത്തിച്ചാര്‍ജ്ജില്‍ പരുക്കേറ്റ അഞ്ച് നഴ്സുമാരെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയുടെ നിരാഹാരസമരവും നഴ്സുമാര്‍ ആറു മാസത്തോളമായി നടത്തുന്ന സമരവും ഒത്തു തീര്‍പ്പാക്കാന്‍ ഉടന്‍ നടപടിയുണ്ടാവണമെന്നാവശ്യപ്പെട്ടാണ് ചേര്‍ത്തല കെവിഎം ആശുപത്രിക്കു മുന്‍പില്‍ നഴ്സുമാര്‍ ദേശീയപാത ഉപരോധിച്ചത്.

തുടര്‍ന്ന് എറണാകുളം ആലപ്പുഴ റൂട്ടില്‍ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്തെത്തിയ പൊലീസ് സംഘം നഴ്സുമാരോട് ഉപരോധമവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടര്‍ന്ന് പൊലീസ് അറസ്റ്റിലേക്കും ലാത്തിച്ചാര്‍ജിലേക്കും കടക്കുകയായിരുന്നു.

പൊലീസിന്റെ ബലപ്രയോഗത്തില്‍ പരിക്കേറ്റ അഞ്ച് നഴ്സുമാരെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം 15ന് സംസ്ഥാനവ്യാപകമായി സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ പണിമുടക്കുമെന്ന് യുഎന്‍എ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ