കൊച്ചി: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ 150 പേരെ കസ്റ്റഡിയിലെടുത്തതായി ആലുവ റൂറല്‍ എസ്. പി കാര്‍ത്തിക്ക്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപികരിച്ചു. ആക്രമണം ഉണ്ടാകാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ അര്‍ധരാത്രിയോടെയുണ്ടായ സംഘര്‍ഷം പിന്നീട് അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും നേരെ വ്യാപിക്കുകയായിരുന്നു. പൊലീസ് ജീപ്പിന് തൊഴിലാളികള്‍ തീയിട്ടു. പിന്നീട് നിരവധി പൊലീസുകാരെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.
ക്രിസ്മസ് ആഘോഷത്തിനിടെ മദ്യപിച്ച തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വലിയ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് ഉദ്യോഗസ്ഥരെത്തിയ ജീപ്പ് നൂറോളം തൊഴിലാളികള്‍ ചേര്‍ന്ന് തകര്‍ക്കുകയായിരുന്നു. പിന്നാലെയെത്തിയ കുന്നത്തുനാട് പൊലീസിന്റെ ജീപ്പാണ് തൊഴിലാളികള്‍ ചേര്‍ന്ന് കത്തിച്ചത്.
കുന്നത്തുനാട് സിഐയ്ക്കും എസ്ഐയ്ക്കും ഗുരുതര പരിക്കുകള്‍ പറ്റിയതായാണ് വിവരം. ആക്രമണത്തിനിടയില്‍ നിന്ന് നാട്ടുകാരാണ് പരിക്കേറ്റവരെ രക്ഷിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചവര്‍ക്കെതിരെയും ആക്രമണമുണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാര്‍ക്ക് നേരെ തൊഴിലാളികള്‍ കല്ലെറിഞ്ഞു.
പിന്നീട് ആലുവ റൂറല്‍ എസ് പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പ്രത്യേക സംഘമാണ് കലാപ സാഹചര്യം നിയന്ത്രണവിധേയമാക്കിയത്. തൊഴിലാളികളെ പൊലീസ് ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് എസ് പി പറഞ്ഞു.
Also Read: പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം പിടിയില്‍