scorecardresearch
Latest News

പൊലീസിന്‍റെ വീഴ്ച ഡോക്ടറുടെ മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നു; ശ്രീറാം വെങ്കിട്ടരാമനെതിരായ കേസിൽ പൊലീസിനെതിരെ കെജിഎംഒഎ

പലതവണ ജനറൽ ആശുപത്രിയിലെ ഡോക്ടറോട് രക്തം എടുക്കാൻ ആവശ്യപ്പെട്ടെങ്കിലും കേസില്ലാത്തതിനാൽ ഡോക്ടർ ഇതിന് തയ്യാറായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നുത്

sriram venkitaraman, km basheer, iemalayalam

തിരുവനന്തപുരം: മാധ്യമ പ്രവർത്തകന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് ശേഷം ശ്രീറാമിന്‍റെ രക്തം പരിശോധിക്കാൻ ഡോക്ടർമാർ തയ്യാറായില്ലെന്ന വാദത്തിനെതിരെ ഡോക്ടർമാരുടെ സംഘടന രംഗത്ത്. പൊലീസിന്‍റെ വീഴ്ച ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ മേൽ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ആരോപിച്ചു.

പൊലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറൽ ആശുപത്രിയിലെ ഡോക്ടർ രക്തമെടുക്കാൻ തയ്യാറായില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ ഷീൻ തറയിൽ കോടതിയിൽ നൽകിയ റിപ്പോർട്ട്. പലതവണ ജനറൽ ആശുപത്രിയിലെ ഡോക്ടറോട് രക്തം എടുക്കാൻ ആവശ്യപ്പെട്ടെങ്കിലും കേസില്ലാത്തതിനാൽ ഡോക്ടർ ഇതിന് തയ്യാറായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനെതിരെ മുഖ്യമന്ത്രിക്കും, ഡിജിപിക്കും പരാതി നൽകുമെന്നും കെജിഎംഒ അറിയിച്ചു.

Also Read: വിട്ടൊഴിയാത്ത വിവാദങ്ങൾ: ഹീറോയിൽ നിന്ന് വില്ലനിലേക്ക് ശ്രീറാം വെങ്കിട്ടരാമൻ

മാധ്യമപ്രവർത്തകനായ കെ.എം.ബഷീർ കൊല്ലപ്പെട്ട വാഹനാപകട കേസിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിറാജ് പത്രത്തിന്‍റെ മാനേജർ സെയ്ഫുദ്ദീൻ ഹാജി ഹർജി നൽകിയിരുന്നു. ഈ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൽകിയ റിപ്പോർട്ടിലാണ് പൊലീസ് ഡോക്ടർ രക്തമെടുക്കാൻ തയ്യാറായില്ല എന്ന് പറയുന്നത്. ബഷീർ മരിച്ചശേഷം സിറാജ് പത്രത്തിന്‍റെ മാനേജറുടെ മൊഴി വൈകിയതാണ് രക്തപരിശോധന വൈകുവാൻ കാരണമായതെന്ന പുതിയ ന്യായീകരണവും പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

Also Read: തെളിവുകള്‍ ശ്രീറാം കൊണ്ടുവരുമെന്ന് കരുതിയോ? പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

നേരത്തെ കേസിൽ പൊലീസിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവമാണ് ഹൈക്കോടതി നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ചാല്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ എന്തുകൊണ്ട് പാലിച്ചില്ലെന്ന് കോടതി പൊലീസിനോട് ചോദിച്ചു. പ്രാഥമിക അന്വേഷണത്തിൽ മ്യൂസിയം പൊലീസിന് വളരെ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ഇതേ തുടർന്ന് മ്യൂസിയം എസ്ഐ ജയപ്രകാശിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Police is trying to blame doctors on sreeram venkitramans case kgmoa