തിരുവനന്തപുരം: പള്ളിപ്പുറത്ത് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് 100 പവന് സ്വര്‍ണം കവര്‍ന്ന കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അക്രമത്തിന് ഇരയായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. മംഗലാപുരം പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി സി.എസ്.ഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
ഇന്നലെ രാത്രി എട്ട് മണിയോടെ ദേശീയപാതയില്‍ പള്ളിപ്പുറത്ത് ടെക്നോസിറ്റിക്ക് സമീപമാണ് സംഭവം നടന്നത്. സ്വര്‍ണാഭരണങ്ങൾ നിര്‍മ്മിച്ച് നല്കുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിനേയും ഡ്രൈവര്‍ അരുണിനേയും ഒരു സംഘം ആക്രമിക്കുകയായിരുന്നു. രണ്ട് കാറുകളിലായാണ് സംഘം എത്തിയത്. മുളകുപൊടി എറിഞ്ഞ് വെട്ടി പരുക്കേല്‍പ്പിച്ചതിന് ശേഷമാണ് കവര്‍ച്ച നടത്തിയത്.
Read More: മന്‍സൂര്‍ വധം: 11 പ്രതികളും സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍
സമ്പത്തിന്റെ കാര്‍ മുന്നിലും പിന്നിലുമായി തടഞ്ഞ സംഘം വെട്ടുകത്തി ഉപയോഗിച്ച് കാറിന്റെ ചില്ല് തകര്‍ത്തു. തുടര്‍ന്ന് മുളകുപൊടി എറിയുകയായിരുന്നു. സമ്പത്തിന്റെ കൈയ്ക്കാണ് വെട്ടേറ്റത്. ആറ്റിങ്ങലിലെ കടയിലേക്ക് കൊണ്ടുപോയ 788 ഗ്രാം സ്വര്‍ണമാണ് കവര്‍ന്നത്. ഡ്രൈവര്‍ അരുണിനെ സംഘം കാറില്‍ കൊണ്ടുപോയി മര്‍ദിച്ചു. വാവറ അമ്പലത്തിന് സമീപം ഇയാളെ ഉപേക്ഷിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തിയിരുന്നു.