ആറ്റിങ്ങല്‍: തിരുവനന്തപുരത്ത് പൊളളലേറ്റ് യുവമോര്‍ച്ചാ നേതാവ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ദേശീയപാതയില്‍ മാമം പാലത്തിനു സമീപം ഗുരുതരമായി പൊളളലേറ്റ നിലയിലായിരുന്നു ഒറ്റപ്പാലം സ്വദേശിയും യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറിയുമായ സജിന്‍രാജിനെ ( 34) കണ്ടെത്തിയിരുന്നത്.

രാവിലെ ഏഴ് മണിയോടെ തലയൊഴികെ ശരീരം മുഴുവന്‍ പൊളളിയ നിലയില്‍ കണ്ടെത്തിയ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിക്കുകയായിരുന്നു. ഇയാള്‍ പൊള്ളലേറ്റ് കിടന്നതിനു സമീപം കരമന സ്വദേശിയുടെ പേരിലുള്ള ടാക്‌സി കാറും കിടന്നിരുന്നു. കാറില്‍ ഒരു കുപ്പിയില്‍ പകുതിയോളം പെട്രോള്‍ കണ്ടെത്തി. കാറിലെത്തിയ ഇയാള്‍ വാഹനം പാര്‍ക്കു ചെയ്തശേഷം പുറത്തിറങ്ങി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതാകാമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ദുരൂഹത ആരോപിച്ച് സജിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

ആത്മഹത്യ ചെയ്യാനായി ഒറ്റപ്പാലത്ത് നിന്നും തിരുവനന്തപുരത്തേക്ക് അദ്ദേഹം എന്തിനു വന്നുവെന്ന് സജിന്റെ സഹോദരന്‍ സംശയം ഉന്നയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സന്തോഷത്തോടെ കാണപ്പെട്ട സജിന്‍ ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം പറയുന്നു. സ്വന്തം കാറുളള സജിന്‍ ടാക്സി പിടിച്ച് തിരുവനന്തപുരത്ത് എത്തിയതും സംശയാസ്പദമാണ്. ആറ്റിങ്ങല്‍ എഎസ്പി ആദിത്യ, സിഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ