കൊച്ചി: നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാര്‍ ജയിലില്‍ നിന്ന് ഫോൺ ഉപയോഗിച്ചതിനെക്കുറിച്ച് ജയിൽ വകുപ്പ് അന്വേഷണം തുടങ്ങി. ജില്ലാ ജയിൽ സൂപ്രണ്ടാണ് അന്വേഷിക്കുന്നത്. സുനിൽകുമാർ ഫോൺ വിളിച്ചപ്പോൾ സഹതടവുകാർ സെല്ലിന് പുറത്ത് കാവൽ നിന്നതും അന്വേഷിക്കുന്നുണ്ട്.

ദിലീപിനെ ബ്ലാക്‌മെയിൽ ചെയ്യാൻ മാനേജരെയും നാദിർഷായെയും ഫോണിൽ വിളിച്ചതു സഹതടവുകാരനായ വിഷ്ണുവിന്റെ സഹായത്തോടെ സുനി തന്നെയാണെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. വിഷ്ണു ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഷൂവിനുള്ളിൽ ഒളിപ്പിച്ചു നൽകിയ മൊബൈൽ ഫോണാണു സുനി ഉപയോഗിച്ചത്. സഹതടവുകാരായ ഇടപ്പള്ളി സ്വദേശി വിഷ്ണുവിനെയും കൂട്ടാളി സനിനെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

അതിനിടെ, നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാർ നടൻ ദിലീപിന് അയച്ച കത്തിലെ വിശദാംശങ്ങൾ പൊലീസ് പരിശോധിക്കുന്നു. കത്തിൽ പരാമർശിച്ച കാര്യങ്ങൾക്ക് നടിയെ ആക്രമിച്ച സംഭവവുമായി ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.

കഴിഞ്ഞ ഏപ്രിൽ 12 ന് കാക്കനാട് ജില്ലാ ജയിലിൽനിന്നും തയാറാക്കി കൊടുത്തുവിട്ട രണ്ടു പേജുളള കത്താണ് പൊലീസ് വിശദമായി പരിശോധിക്കുന്നത്. കീഴടങ്ങുന്നതിനു മുൻപ് കാക്കനാട്ടെ കടയിൽ വന്നിരുന്നെന്നും അപ്പോൾ എല്ലാവരും ആലുവയിലാണെന്ന് അറിഞ്ഞെന്നും കത്തിൽ പരാമർശമുണ്ട്. ദിലീപുമായി ബന്ധപ്പെട്ട കാക്കനാട്ടെ ഈ സ്ഥാപനം ഏതെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. താരവുമായോ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ബന്ധമുളള ഏതെങ്കിലും സ്ഥാപനം പരിസരത്തുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ദിലീപിന്റെ ശത്രുക്കൾ തന്നെ വന്നു കാണുന്നുണ്ടെന്നും കത്തിൽ പരാമർശമുണ്ട്. ഇവർ ആരൊക്കെയാണെന്നും പരിശോധിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ