കൊച്ചി: ഹൈദരാബാദ് ​ എയർപോർട്ടിൽ ഇന്നു രാവിലെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ച പ്രമുഖ മതപ്രഭാഷകനും മുജാഹിദ്​ നേതാവുമായ​ എം.എം. അക്​ബറിനെ കൊച്ചിയിലെത്തിച്ചു. എറണാകുളം നോർത്ത്​ എസ്​.​ഐ വിപിൻദാസി​​ന്റെ നേതൃത്വത്തിലുള്ള സംഘമാണ്​ അദ്ദേഹ​ത്തെ കൊച്ചിയിലെത്തിച്ചത്​. ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തെ കമീഷണർ ഓഫീസിലേക്ക്​ കൊണ്ടുപോയി.

മത സ്‌പർദ്ധ വളർത്തുന്ന സിലബസ് പഠിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഹൈദരാബാദിൽ വച്ചാണ് പീസ് സ്കൂൾ എംഡിയായ എം.എം.അക്ബർ പിടിയിലായത്. നേരത്തെ മതസ്‌പർദ്ധ വളർത്തുന്ന ഉളളടക്കങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇന്റർനാഷണൽ പീസ് സ്കൂൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടിരുന്നു. വിദ്യാഭ്യാസ വകുപ്പും കൊച്ചി സിറ്റി പൊലീസും നടത്തിയ പരിശോധനയിൽ സ്കൂളിലെ പാഠപുസ്തകങ്ങളിൽ തീവ്ര മത ചിന്തയും മത സ്‌പർദ്ധയും വളർത്തുന്ന ഉളളടക്കങ്ങൾ കണ്ടെത്തിയിരുന്നു.

മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിക്കുന്നുവെന്ന ജില്ലാ കലക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് സ്കൂൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടത്. കോഴിക്കോട് കേന്ദ്രമായ പീസ് ഫൗണ്ടേഷനു കീഴില്‍ പീസ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ പത്തിലധികം സ്‌കൂളുകള്‍ കേരളത്തിലുണ്ട്. ഇവയിൽ കൊച്ചിയിലെ സ്കൂളുകളാണ് അടച്ചുപൂട്ടാൻ ഉത്തരവായത്.

എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരാതിയെത്തുടര്‍ന്ന് 2016 ഒക്ടോബറിലാണ് സ്കൂളിനെതിരെ കൊച്ചി സിറ്റി പാലാരിവട്ടം പൊലീസ് കേസ് എടുത്തത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന ഉള്ളടക്കമാണ് ഇവിടുത്തെ പാഠപുസ്തകങ്ങളിലുള്ളതെന്ന് സ്കൂളിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം വിദ്യാഭ്യാസ ഓഫീസർ കണ്ടെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ