തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയില്‍ ക്രമക്കേട് നടത്താന്‍ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥികളെ സഹായിച്ചവരില്‍ ഒരാള്‍ പൊലീസ് ഉദ്യോഗസ്ഥന്‍. വിഷയത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നുള്ള സൂചനയാണ് ഇത് നല്‍കുന്നത്. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടാം റാങ്കുകാരന്‍ പ്രണവിന് ഫോണ്‍ സന്ദേശം അയച്ചത് പൊലീസുകാരനായ ഗോകുല്‍ വി.എം.ആണെന്ന് കണ്ടെത്തി. പ്രണവിന്റെ അയല്‍ക്കാരന്‍ കൂടിയാണ് ഈ ഉദ്യോഗസ്ഥന്‍.

ഫോണിലേക്ക് സന്ദേശം എത്തിയ മൂന്ന് നമ്പറുകളില്‍ ഒരെണ്ണം ഗോകുലിന്റെ ആണ്. പിഎസ്‌സി വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. എസ്‌എപി ക്യാംപിലെ ഉദ്യോഗസ്ഥനാണ് ഗോകുല്‍. എസ്‌എഫ്‌ഐ നേതാവാണ് രണ്ടാം റാങ്കുകാരനായ പ്രണവ്. പ്രണവിനെ സഹായിക്കാന്‍ വേണ്ടി  പുതിയ മൊബൈല്‍ കണക്ഷന്‍ എടുക്കാനായി ഗോകുൽ കടയിൽ നൽകിയത് പൊലീസിന്റെ ഔദ്യോഗിക നമ്പർ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. കോൺസ്റ്റബിൾ പരീക്ഷയ്ക്കിടെ പ്രതികളുടെ ഫോണിൽ രണ്ട് മണി മുതൽ മൂന്നേകാല്‍ മണി വരെ സന്ദേശങ്ങളെത്തിയെന്നാണ് പിഎസ്‌സി വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.

Read Also: ‘കഞ്ചാവടിച്ചാല്‍ പാവാടയും ബ്ലൗസും ധരിക്കും’; തേജ് പ്രതാപിനെതിരെ ഭാര്യ

യൂണിവേഴ്സി‌റ്റി കോളേജിലെ കുത്ത് കേസിൽ പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് ഇവർ പി.എസ്.സി പരീക്ഷയിൽ തട്ടിപ്പ് നടത്തിയെന്ന് ബോധ്യപ്പെട്ടതെന്ന് പിഎസ്‌എസി ചെയർമാൻ എം.കെ.സക്കീർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ആദ്യ നൂറ് റാങ്കുകളിൽ പെട്ടവരെക്കുറിച്ച് വിശദമായ അന്വേഷണം ഉണ്ടാകും. ഇവരുടെ കോൾ വിവരങ്ങൾ സൈബർ സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് അന്വേഷണം പൂർത്തിയാകുന്നത് വരെ റാങ്ക് ലിസ്‌റ്റുകളിൽ നിന്ന് നിയമന നടപടികൾ നിറുത്തിവയ്‌ക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. പി.എസ്.സി പരീക്ഷയ്ക്കായി നൽകിയ പ്രൊഫൈലിൽ നൽകിയ മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മൂന്നുപേരുടെ ഫോണിലൂടെ 90 ഓളം മെസേജുകൾ പോയതായി കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.