തൊടുപുഴ: ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ് ഡി പി ഐയ്ക്ക് കൈമാറിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. കരിമണ്ണൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അനസ് പി. കെയ്ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പുറത്താക്കല്‍ സംബന്ധിച്ച് ഇടുക്കി എസ് പി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
കരുതല്‍ നടപടികളുടെ ഭാഗമായി ശേഖരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങളാണ് അനസ് ചോര്‍ത്തി നല്‍കിയതെന്നാണ് വിവരം. സംഭവത്തില്‍ ആദ്യം ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിരുന്നു. തൊടുപുഴ ഡി വൈ എസ് പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്‍ഷന്‍ നടപടി.
വകുപ്പു തല അന്വേഷണം നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി എ. ജി. ലാലിന്റെ നേതൃത്വത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ അന്വേഷണത്തിലും അനസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഇ മെയില്‍ സന്ദേശം അയച്ചതായും അനസിനെതിരായ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 28 ന് എസ് പി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചെങ്കിലും മറുപടി തൃപ്തികരമല്ലായിരുന്നു. തുടര്‍ന്നാണ് സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടത്.
Also Read: കെ റെയിലില്‍ തുറന്ന സംവാദത്തിന് തയാര്‍; ആരെയും കണ്ണീരിലാഴ്ത്തില്ല: കോടിയേരി