കൊച്ചി: ബന്ധുവിനെതിരെ കേസെടുത്ത പൊലീസ് ഇൻസ്പെക്ടറെ ഹൈക്കോടതി ജഡ്ജി ഭീഷണിപ്പെടുത്തിയതായി പരാതി. മാവേലിക്കര സിഐ പി.ശ്രീകുമാറാണ് ഹൈക്കോടതി ജഡ്ജിക്കെതിരെ ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി നൽകിയത്. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടത്.

ബന്ധുവിനെതിരെ കേസെടുത്തതിനെ തുടർന്ന് മാവേലിക്കര സിഐയെ ഹൈക്കോടതിയിലെ തന്റെ ചേംബറിൽ വിളിച്ചുവരുത്തിയാണ് ജഡ്ജി ഭീഷണിപ്പെടുത്തിയത്. ഹൈക്കോടതിയിൽ നിന്ന് മധ്യമേഖല ഐജിയായിരുന്ന ശ്രീജിത്തെത്തിയാണ് സിഐയെ മോചിപ്പിച്ച് കൊണ്ടുപോയത് എന്നും മാതൃഭൂമി പുറത്തുവിട്ട വാർത്തയിൽ പറയുന്നു.

ഹൈക്കോടതി ജഡ്ജി പി.ഡി.രാജൻ തന്നെ മർദ്ദിക്കാനൊരുങ്ങി എന്നടക്കം വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിനും, റജിസ്ട്രാർക്കും ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂഷനുമാണ് മാവേലിക്കര സിഐ പരാതി നൽകിയത്.

2016 ജൂലൈ 22 ന് മാവേലിക്കര സർക്കാർ ആശുപത്രിയിലെ സുരക്ഷ ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേരെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെന്നിത്തല സ്വദേശികളായ ഭവിസ് കുമാർ, ജെയ്‌സൺ, ശശികുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് റിമാൻഡ് ചെയ്തു.

മാതൃഭൂമി ന്യൂസിൽ പറഞ്ഞ കാര്യങ്ങൾ ഇങ്ങിനെ,

കേസന്വേഷണം നടക്കുന്ന സമയത്ത് ഹൈക്കോടതി ജഡ്ജി കുറ്റക്കാരെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ഫോണിൽ വിളിച്ച് മാവേലിക്കര എസ്ഐയോട് ആവശ്യപ്പെട്ടു. ഇതിന് ശേഷം നവംബർ 29 ന് വൈകിട്ട് 5.30 ന് സുമൻ ചക്രവർത്തി എന്ന സ്പെഷൽ ഗവൺമെന്റ് പ്ലീഡർ ഈ കേസിലെ ഫയലുമായി ജഡ്ജി പി.ഡി.രാജനെ കാണണം എന്ന് ആവശ്യപ്പെട്ടു.

തൊട്ടടുത്ത ദിവസം രാവിലെ 9.30 ന് കേസ് ഫയലുമായി സിഐ ഹൈക്കോടതിയിലെത്തി. സുമൻ ചക്രവർത്തിയാണ് ഇദ്ദേഹത്തെ ജസ്റ്റിസ് പി.ഡി. രാജന്റെ ചേംബറിലേക്ക് കൊണ്ടുപോയത്. ഇവിടെ വച്ച്, “എന്റെ സഹോദരനെതിരെ കേസെടുക്കാൻ നിങ്ങൾക്ക് എങ്ങിനെ ധൈര്യം വന്നു? പിടിയിലായ ഭവിസ് കുമാർ എന്റെ സഹോദരനാണ്. കേസുമായി മുന്നോട്ട് പോയാൽ വിജിലൻസിനെ കൊണ്ട് നിങ്ങൾക്കെതിരെ അന്വേഷണം നടത്തും. നശിപ്പിച്ച് കളയും”, എന്ന് ജഡ്ജി പറഞ്ഞു.

വളരെ മോശപ്പെട്ട പരാമർശങ്ങളാണ് നടത്തിയതെന്നും പിന്നീട് ജഡ്ജി തന്നെ തല്ലാനായി ഒരുങ്ങിയെന്നും പരാതിയിൽ മാവേലിക്കര സിഐ പറയുന്നു.

ഇതിനെ തുടർന്ന് ജഡ്ജി തന്നോട് ചേംബറിന് പുറത്തേക്ക് നിൽക്കാൻ ആവശ്യപ്പെട്ടുവെന്നും ശ്രീകുമാർ പരാതിയിൽ പറഞ്ഞു. സിഐ ഇക്കാര്യം ആലപ്പുഴ എസ്‌പിയെ അറിയിച്ചു. ഇദ്ദേഹം വിവരമറിയിച്ചതിനെ തുടർന്നാണ് ഐജിയായിരുന്ന ശ്രീജിത്ത് ഹൈക്കോടതിയിലെത്തിയത്. ഇദ്ദേഹം ജഡ്ജി പി.ഡി.രാജനോട് സംസാരിച്ച ശേഷമാണ് സിഐയെ കോടതി വിട്ട് പോകാൻ അനുവദിച്ചത്. പരാതി നൽകിയ കാര്യം മാവേലിക്കര സിഐ പി.ശ്രീകുമാർ മാതൃഭൂമി ന്യൂസിനോട് സ്ഥിരീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ