മണിയാര്‍: സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധക്കാരെ അറസ്റ്റു ചെയ്ത നീക്കിയ പൊലീസ് നടപടിക്കെതിരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. പൊലീസുകാരെയല്ല, സന്നിധാനത്ത് കാണുന്നത് പേപ്പട്ടികളെയാണെന്ന് ശോഭ പറഞ്ഞു. തീവ്രവാദികളോടെന്ന പോലെയാണ് പൊലീസ് അയ്യപ്പ ഭക്തരോട് പെരുമാറുന്നതെന്നും ശോഭ ആരോപിച്ചു.

ശബരിമല അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷനുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നുണ്ട്. ആറന്‍മുളയില്‍ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

‘പൊലീസ് അയ്യപ്പന്‍ എന്ന നിലയില്‍ ആയിരുന്നു ഇത്രയും കാലം ശബരിമലയിലെ പൊലീസുകാരെ കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ സന്നിധാനത്ത് കാണുന്നത് പേപ്പട്ടികളെയാണ്. തീവ്രവാദികളോടെന്ന പോലെയാണ് പൊലീസ് അയ്യപ്പഭക്തരോട് പെരുമാറുന്നത്,’ ശോഭ സുരേന്ദ്രൻ പറഞ്ഞു.

ശബരിമലയില്‍ നിന്നും അറസ്റ്റ് ചെയ്ത 72 പേരും ഇപ്പോള്‍ മണിയാര്‍ ക്യാമ്പിലാണുള്ളത്. ഇവരെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം റാന്നി മജിസ്ട്രേറ്റ് ക്യാമ്പിലേയ്ക്ക് എത്തിക്കുമെന്നാണ് അറിയുന്നത്. വൈദ്യപരിശോധനയും ക്യാമ്പില്‍ തന്നെ നടക്കും. അതേസമയം, ക്യാമ്പിന് പുറത്ത് ബിജെപിയുടെ പ്രതിഷേധം തുടരുകയാണ്. സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ശോഭ സുരേന്ദ്രനും പ്രതികരിച്ചു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ മാന്നാറിലെ വീടിന് മുന്നിലും പ്രതിഷേധം നടന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ പരിപാടികളില്‍ പ്രതിഷേധിക്കുമെന്ന് ബിജെപി അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ