കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയെയും കൂട്ടാളികളെയും എട്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പത്ത് ദിവസത്തെ അപേക്ഷയാണ് പൊലീസ് സമർപ്പിച്ചതെങ്കിലും കോടതി എട്ട് ദിവസമാണ് നൽകിയത്. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചതോടെ ഇന്ന് തന്നെ തിരിച്ചറിയൽ പരേഡ് നടത്താൻ പൊലീസ് ആലോചിക്കുന്നുണ്ട്.

വൈകിട്ട് മൂന്ന് മണിയോടെ പ്രതികളെ തിരിച്ചറിയൽ പരേഡിന് ഹാജരാക്കാനാണ് പൊലീസ് ശ്രമം. എന്നാൽ ആലുവ സബ് ജയിലിലാണോ കാക്കനാട് ജില്ല ജയിലിലാണോ തിരിച്ചറിയൽ പരേഡ് നടക്കുകയെന്ന് വ്യക്തമല്ല. കേസിൽ ഒടുവിൽ പിടിയിലായ സുനിയെയും വിജീഷിനെയും കാക്കനാട് ജില്ലാ ജയിലിലാണ് പാർപ്പിച്ചിരുന്നത്.  ശേഷിച്ചവരെ ആലുവ സബ് ജയിലിലും.

അഡ്വ ബി.എ.ആളൂറിന്റെ അഭിഭാഷകർ പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായി.  വക്കാലത്ത് ഏറ്റെടുത്ത ആലുവ ബാറിലെ രണ്ട് അഭിഭാഷകരും കോടതിയിൽ എത്തി. ഇരുവിഭാഗവും തമ്മിൽ പ്രതിഭാഗം വക്കാലത്ത് ഏറ്റെടുക്കുന്നതിൽ തർക്കം ഉണ്ടായി.

പൾസർ സുനി മൊബൈൽ പ്ലാസ്റ്റിക് കവറിലാക്കി വെണ്ണല ഭാഗത്ത് ഓടയിൽ ഉപേക്ഷിച്ചതായി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഇത് വിശ്വസിക്കാതിരുന്ന പൊലീസ്, ഇതിന്റെ സത്യാവസ്ഥ നാലാമതായി പിടിയിലായ മണികണ്ഠൻ വഴി അറിയാമെന്ന പ്രതീക്ഷയിലാണ്. അതേസമയം, ആക്രമണത്തിനിരയായ നടി പുതിയ സിനിമയുടെ ചിത്രീകരണ സ്ഥലത്ത് വച്ച് മാധ്യമപ്രവർത്തകരെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുണ്ടായില്ല. പൊലീസ് ഈ നീക്കം തടഞ്ഞതോടെയാണ് നടി പിന്മാറിയത്. തിരിച്ചറിയൽ പരേഡിനു മുൻപ് മാധ്യമങ്ങളെ കാണരുതെന്നാണ് പൊലീസ് നടിയോട് ആവശ്യപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ