കോയന്പത്തൂർ: നടിയെ തട്ടിക്കൊണ്ടുപോയ ശേഷം പ്രതികൾ കോയന്പത്തൂരിൽ ഒളിവിൽ കഴിഞ്ഞതായി സ്ഥിരീകരിച്ചു. ഞായറാഴ്ച രാവിലെ കോയന്പത്തൂരിൽ എത്തിയ സംഘം ഇവിടെ പ്രതികൾ താമസിച്ച സ്ഥലത്ത് തെളിവെടുപ്പ് നടത്തി. ഇവിടെ നിന്നും ഒരു ടാബ്ലറ്റ് കണ്ടെത്തി. തെളിവെടുപ്പ് പൂർത്തിയാക്കിയ സംഘം കൊച്ചിയിലേക്ക് മടങ്ങി.
കോയന്പത്തൂരിലെ പീളമേട് ശ്രീറാം കോളനിയിലെ ഒറ്റമുറി വീട്ടിലാണ് സുനിലും വിജീഷും താമസിച്ചിരുന്നത്. ഇവിടെ പ്രതികൾക്ക് താമസമൊരുക്കിയ കണ്ണൂർ സ്വദേശി ചാർളി പൊലീസ് വരുന്നതറിഞ്ഞ് ഒളിവിൽ പോയി. ഇവർക്കൊപ്പം ഈ വീട്ടിൽ താമസിച്ചിരുന്ന സെൽവന്റെ പൾസർ ബൈക്കാണ് സുനിലും വിജീഷും കീഴടങ്ങാൻ വന്നപ്പോൾ ഉപയോഗിച്ചത്. തന്റെ പൾസർ ബൈക്ക് ഇവർ ചോദിക്കാതെ എടുത്തുകൊണ്ടു പോയതാണെന്നാണ് സെൽവൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഇയാൾ ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നില്ലെന്ന് കോയന്പത്തൂർ പൊലീസ് വ്യക്തമാക്കി.
എന്നാൽ ബൈക്ക് മോഷ്ടിച്ചതാണെന്ന് ഉറപ്പിച്ച് പറഞ്ഞ സെൽവൻ, ഇതിന്റെ താക്കോൽ തന്റെ കൈവശമുണ്ടെന്ന് പൊലീസിനോട് പറഞ്ഞു. ഈ താക്കോൽ പൊലീസിനെ കാണിച്ചിട്ടുണ്ട്. സെൽവനെ അര മണിക്കൂറിലേറെ ചോദ്യം ചെയ്തു. കെട്ടിടത്തിന്റെ ഉടമയെയും പൊലീസ് ചോദ്യം ചെയ്തു. ഇവിടെനിന്നും കുറച്ചകലെയായാണ് ഇയാൾ താമസിക്കുന്നത്. സുനിലും വിജീഷും ഇവിടേക്ക് വന്നതും പോയതും തന്റെ അറിവോടെയല്ലെന്ന് ഇയാൾ വ്യക്തമാക്കി.

ആലുവ ഡി.വൈ.എസ്.പി ബാബുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളുമായി കോയന്പത്തൂരിലെത്തിയത്. ആലുവ പൊലീസ് ക്ലബിൽ നിന്ന് ഒരു ജീപ്പിലും വാനിലുമായിരുന്നു സംഘം പോയത്.