കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിന് ജയില്‍ അധികൃതര്‍ സന്ദർശക വിലക്കേർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ സിനിമാ താരങ്ങള്‍ അടക്കമുളളവര്‍ അടിക്കടി വന്നതിനെ തുടര്‍ന്നാണ് നടപടി.
കുടുംബാംഗങ്ങളും പ്രധാനപ്പെട്ട വ്യക്തികള്‍ക്കും മാത്രമായാണ് സന്ദര്‍ശനം അനുവദിക്കുക. മറ്റ് സന്ദര്‍ശകരെ കടത്തിവിടേണ്ടെന്നാണ് ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചത്. ഓണത്തിന്റെ ഭാഗമായി ദിലീപിനെ നിരവധി പേരാണ് കാണാനെത്തിയത്. ഇന്നും എട്ടു പേര് എത്തിയെങ്കിലും ഇവരെ തിരിച്ചയക്കുകയാണ് ചെയ്തതെന്ന് ജയിലധികൃതര്‍ വ്യക്തമാക്കി. എട്ട് പേരും സിനിമാ മേഖലയില്‍ നിന്നുളളവരാണ്.
സിനിമാതാരങ്ങള്‍ അടക്കമുളളവര്‍ എത്തുമ്പോള്‍ വിവാദങ്ങള്‍ അടക്കമുളള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കഴിഞ്ഞ ദിവസം എംഎല്‍എയും സിനിമാ താരവുമായ എംബി ഗണേഷ്കുമാര് ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. പിന്നാലെ ഗണേഷ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാവുകയായിരുന്നു. ഇത് അടക്കമുളളവ പരിഗണിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഉത്രാട, തിരുവോണ, അവിട്ട ദിനങ്ങളിലും തുടർന്നും നിരവധി പേർ ദിലീപിനെ കാണാനായി ആലുവ ജയിലിലെത്തിയിരുന്നു. അച്ഛന്റെ ശ്രാദ്ധ ചടങ്ങിൽ പങ്കെടുക്കാൻ ദിലീപിന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുമതി കൊടുത്തതിനു പിന്നാലെ സംവിധായകനും ദിലീപിന്റെ ഉറ്റ സുഹൃത്തുമായ നാദിർഷയാണ് ആദ്യം ആലുവ സബ് ജയിലിലെത്തിയത്. ഇതിനു പിന്നാലെ ഭാര്യ കാവ്യാ മാധവൻ, മകൾ മീനാക്ഷി, കാവ്യയുടെ അച്ഛൻ എന്നിവരെത്തി. പിന്നീട് നടന് ജയറാം, വിജയരാഘവന്, മച്ചാന് വര്‍ഗീസ് തുടങ്ങി പ്രമുഖരും ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.