കൊച്ചി: വീപ്പയ്ക്കുളളിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. വൈക്കം സ്വദേശിനിയായ ശകുന്തളയുടെ അസ്ഥികൂടമാണ് ഇതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഉദയംപേരൂരിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ശകുന്തള.
ഡിഎൻഎ പരിശോധനയിലാണു മരിച്ചയാളെ തിരിച്ചറിഞ്ഞത്. ശകുന്തളയുടെ മകൾ അശ്വതിയുടെ ഡിഎൻഎ പരിശോധിച്ചപ്പോൾ അസ്ഥികൂടത്തിന്റെ ഡിഎൻഎയുമായി പൊരുത്തമുണ്ടെന്നു കണ്ടെത്തുകയായിരുന്നു. ശകുന്തളയ്ക്ക് 60 വയസാണ് പ്രായം. ഇവർ ന്യൂഡൽഹിയിൽ എവിടെയോ ഉണ്ടെന്നായിരുന്നു മുൻപ് ബന്ധുക്കൾ പറഞ്ഞിരുന്നത്. എന്നാൽ ഡൽഹി പൊലീസിന്റെ സഹായത്തോടെ ഇവരെ തിരഞ്ഞെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
കഴിഞ്ഞ ജനുവരി ഏഴിനു കുന്പളം ടോൾ പ്ലാസയ്ക്കു സമീപമുള്ള ഒഴിഞ്ഞ പറന്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വീപ്പയിൽനിന്നാണു മൃതദേഹം ലഭിച്ചത്. കാലുകൾ കൂട്ടിക്കെട്ടി വീപ്പയിൽ തലകീഴായി ഇരുത്തി കോണ്ക്രീറ്റ് ചെയ്ത നിലയിലായിരുന്നു മൃതദേഹം. വസ്ത്രാവശിഷ്ടങ്ങളിൽനിന്നു മൃതദേഹം സ്ത്രീയുടേതാണെന്നു വ്യക്തമായിരുന്നു.
മൃതദേഹത്തിന്റെ ഇടതു കണങ്കാലിൽ ശസ്ത്രക്രിയ നടത്തി സ്റ്റീൽ കമ്പി ഇട്ടിരുന്നു. ഈ കണ്ടെത്തൽ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. വിവിധ ആശുപത്രികളിൽ നടത്തിയ അന്വേഷണത്തിൽ കാലിൽ സ്റ്റീൽ കമ്പിയിട്ട ആറുപേരെപ്പറ്റി പൊലീസിന് വിവരം ലഭിച്ചു. ഇതിൽ അഞ്ചുപേരെ മാത്രമേ പൊലീസിനു കണ്ടെത്താനായുള്ളൂ. ഇതോടെ ആറാമത്തെയാളായ ഉദയംപേരൂർ സ്വദേശിനി ശകുന്തളയെ കേന്ദ്രീകരിച്ചു മുംബൈയിൽ അടക്കം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇവർ തൃപ്പൂണിത്തുറ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി.
വർഷങ്ങൾക്കു മുന്പ് ഭർത്താവുമായി ബന്ധം വേർപിരിഞ്ഞശേഷം ഇവർ മുംബൈക്കു പോകുന്നുവെന്നു പറഞ്ഞതായും പിന്നീട് യാതൊരുവിധ ബന്ധവും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.