തൃശൂർ: കുന്ദംകുളം ചിറ്റിലങ്ങാട് പുതുശേരി സി പി എം ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ കുത്തി കൊന്ന കേസില്‍ നാല് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. നന്ദൻ, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവരാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതെന്ന് ആക്രമണത്തിൽ പരുക്കേറ്റ മറ്റു രണ്ട് പേർ പൊലീസിന് മൊഴി നൽകിയിരുന്നു. സനൂപിനെ കുത്തിയത് നന്ദനാണെന്നും മൊഴിയുള്ളതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. ആക്രമണത്തില്‍ മൂന്ന് സി പി എം പ്രവർത്തകർക്കും കുത്തേറ്റിരുന്നു.

ഞായറാഴ്ച രാത്രി 11.30യ്ക്കാണ് സനൂപ് കൊല്ലപ്പെടുന്നത്. ചിറ്റിലങ്ങാട്ടെ സി പി എം പ്രവർത്തകനായ മിഥുനും പ്രതികളും തമ്മിൽ കഴിഞ്ഞ ദിവസം വാക്കുതർക്കമുണ്ടായിരുന്നു. പ്രശ്നം സംസാരിച്ച് പരിഹരിക്കാനാണ് സനൂപും മറ്റ് മൂന്ന് സി പി എം പ്രവർത്തകരും ചേർന്ന് സ്ഥലത്തെത്തിയത്. ഇവിടെ വച്ചാണ് കൊലാപതകം നടന്നത്.

Read More: സനൂപിനെ കൊന്നത് ആർഎസ്‌എസ്-ബജ്‌റംഗ്‌ദൾ പ്രവർത്തകർ: മന്ത്രി എ.സി.മൊയ്‌തീൻ

സനൂപിനെ കുത്തിക്കൊലപ്പെടുത്തിയശേഷം അക്രമി സംഘം മറ്റ് മൂന്നു പേരെയും ഓടിച്ചിട്ട് കുത്തി. സംഭവമറിഞ്ഞെത്തിയവരാണ് പരുക്കേറ്റവരെ ആശുപത്രിയിവലെത്തിച്ചത്.

സനൂപിനെ കൊലപ്പെടുത്തിയത് ആർഎസ്എസ്-ബജ്‌റംഗ്‌ദൾ പ്രവർത്തകരെന്ന് മന്ത്രി എ.സി.മൊയ്‌തീൻ ആരോപിച്ചിരുന്നു. കുന്നംകുളം നിയോജകമണ്ഡലത്തിലെ എംഎൽഎ കൂടിയാണ് എ.സി.മൊയ്‌തീൻ.

രാഷ്ട്രീയത്തെ കൊലക്കത്തികളുടെ മൂർച്ചയാൽ ഇല്ലാതാക്കാമെന്ന ആർഎസ്എസ്/ബിജെപി-കോൺഗ്രസ് ചിന്തകളുടെ ഭാഗമായാണ് കേരളത്തിൽ സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തുന്നതെന്ന് മന്ത്രി വിമർശിച്ചു. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന ആർഎസ്എസ്/ബിജെപി-കോൺഗ്രസ് പ്രവർത്തകർ കൊലക്കത്തി താഴെവയ്‌ക്കാൻ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.