തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും വീടുകളിൽ ഇനി ദാസ്യവേല ചെയ്യാൻ പോകരുതെന്ന് പൊലീസുകാരോട് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷന്. ഇത് സംബന്ധിച്ചു യൂണിറ്റ് തലത്തില്‍ തന്നെ നിർദ്ദേശം നൽകി.
അതേസമയം സംസ്ഥാനത്ത് പൊലീസുകാരെ കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നവരുടെ പേരും കണക്കും ശേഖരിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറുമെന്നും ക്യാമ്പ് ഫോളോവേഴ്സ് പറഞ്ഞു. അതേസമയം തങ്ങളുടെ വീടുകളിലുളള ക്യാമ്പ് ഫോളോവർമാരെ തിരികെ അയക്കാൻ ഉന്നത ഉദ്യോഗസ്ഥർ ശ്രമം തുടങ്ങിയതായി റിപ്പോർട്ടുണ്ട്.
എഡിജിപി സുദേഷ് കുമാറിന്റെ മകൾ, എഡിജിപിയുടെ ഡ്രൈവറായ ഗവാസ്കറിനെ മർദ്ദിച്ചതാണ് സംഭവത്തിന്റെ തുടക്കം. ഇതോടെ സംസ്ഥാനത്ത് നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണങ്ങൾ ഉയർന്നു.
സുദേഷ് കുമാറിനെ സായുധ സേനാ മേധാവി സ്ഥാനത്തുനിന്നു നീക്കി, ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപി ആനന്ദകൃഷ്ണന് അധിക ചുമതല നല്കി. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പൊലീസ് ഡ്രൈവറെ കൊണ്ട് വീട്ടുവേല ചെയ്യിക്കുന്നതായ രഹസ്യാന്വേഷണ റിപ്പോർട്ടും സര്‍ക്കാരിനു മുന്നിലെത്തി. ജോലികൾക്കു തയ്യാറാകാതിരുന്ന 12 ക്യാംപ് ഫോളോവേഴ്സിനെ പിരിച്ചുവിട്ടിരുന്നു. ഈ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തിലാണ് നീക്കം.