തിരുവനന്തപുരം : ഡിജിപിയായി വീണ്ടും സ്ഥാനമേറ്റ ടി.പി സെൻകുമാറിന് എതിരെ പരാതിയുമായി പൊലീസ് ആസ്ഥാനത്തെ ജീവനക്കാരി രംഗത്ത്. അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ബീന എന്ന ജീവനക്കാരിയാണ് ആഭ്യന്തര സെക്രട്ടറിയ്ക്ക് പരാതി നൽകിയത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്ഥലം മാറ്റിയതെന്നാണ് പരാതി.

സെൻകുമാർ വീണ്ടും ചുമതലയേൽക്കും മുൻപ് നടത്തിയ നിയമനങ്ങളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. പൊലീസ് മേധാവി ആയിരിക്കെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇറക്കിയ പല ഉത്തരവുകളും പുന:പരിശോധിക്കാനും അന്വേഷണം നടത്താനും ടിപി സെന്‍കുമാര്‍ ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ബ്രൗണ്‍ പെയിന്റ് അടിക്കണമെന്ന ബെഹ്‌റയുടെ ഉത്തരവിനെക്കുറിച്ച് അന്വേഷിക്കാനാണ് സെൻകുമാർ നിർദ്ദേശം നൽകിയിട്ടുള്ളത്. ടെന്‍ഡര്‍ നടപടികള്‍ പാലിച്ചിട്ടില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണമെന്നാണ് വിശദീകരണം.

പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി ജൂനിയര്‍ സൂപ്രണ്ട് ബീനയെ മാറ്റി കൊണ്ടായിരുന്നു സെന്‍കുമാറിന്റെ അടുത്ത ഉത്തരവ്. സേനയിലെ അപ്രധാന വകുപ്പായ യു സെക്ഷനിലേക്കാണ് ബീനയെ മാറ്റിയത്. ടി.പി സെൻകുമാറിന്റെ ഈ നടപടികളെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ