പാലക്കാട്: പാലക്കാട്ടെ ഇരട്ട കൊലപാതകങ്ങളിൽ പൊലീസിന് നിർണായക തെളിവ് ലഭിച്ചു. കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകൻ സുബൈറിന്റെ പോസ്റ്റ്മോർട്ടം സമയത്ത് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലയാളികൾ ആശുപത്രിയിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. 16-ാം തീയതിയാണ് പോസ്റ്റ്മോർട്ടം നടന്നത്. ഈ ദിവസം രാവിലെ 9 മണിയോടെ പ്രതികൾ ആശുപത്രി പരിസത്ത് ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽനിന്നും വ്യക്തമാണ്.
ഇതേ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ശ്രീനിവാസൻ കൊല്ലപ്പെടുന്നത്. ആശുപത്രിയിൽനിന്നും പ്രതികൾ പോയത് ശ്രീനിവാസനെ കൊലപ്പെടുത്താനാണെന്ന നിഗമനത്തിലാണ് പൊലീസ്. കൊലപാതകത്തിനുശേഷം പ്രതികൾ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. ശ്രീനിവാസൻ വധക്കേസിൽ ആറ് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
പാലക്കാട്ടെ ഇരട്ടക്കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘങ്ങൾക്കാണ് ചുമതല. രണ്ട് ഡിവൈഎസ്‌പിമാരുടേ നേതൃത്വത്തിലാണ് അന്വേഷണം. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് പ്രാഥമിക വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍). എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
ശ്രീനിവാസന്റെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തില്‍ എത്തിയായിരുന്നു ആറംഗ സംഘം വെട്ടി പരുക്കേല്‍പ്പിച്ചത്. കൈകള്‍ക്കും കാലിനും തലയ്ക്കും വെട്ടേറ്റ ശ്രീനിവാസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅ നമസ്കാരം കഴിഞ്ഞ് മടങ്ങവെയാണ് സുബൈറിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.