കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി മരണത്തിന് തൊട്ടുമുമ്പ് ഗോശ്രീപാലത്തിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഹൈക്കോടതി ജംങ്ഷനിലുള്ള അശോകാ ഫ്‌ളാറ്റ് സമുച്ചയത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്.

ഗോശ്രീ പാലത്തിനും ഹൈകോടതി ജങ്ഷനും ഇടയിലുള്ള പഴക്കടക്ക് സമീപത്തുകൂടെ വേഗത്തിൽ പോകുന്ന ദൃശ്യമാണ് രാത്രി വൈകി പൊലീസിന് ലഭിച്ചത്. വ്യാഴാഴ്ച രാവിലെ ലഭിച്ചതിൽനിന്ന്​ കുറച്ചുകൂടെ വ്യക്​തമായ ദൃശ്യമാണിത്. തലയിൽ ഷാൾ ധരിച്ചിരിക്കുന്നതിനാൽ മുഖം വ്യക്​തമല്ലെങ്കിലും വസ്ത്രത്തിന്റെ നിറവും നടക്കുന്ന രീതിയും വെച്ചാണ് അത് മിഷേല്‍ തന്നെയാണ് എന്ന് പൊലീസ് ഉറപ്പിച്ചത്. ദൃശ്യങ്ങളില്‍ മിഷേല്‍ ഒറ്റക്കാണ് നടന്നുപോകുന്നത്. മരണം ആത്മഹത്യ ആണെന്ന പൊലീസ് നിഗമനത്തെ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യം.

രണ്ടാം ഗോശ്രീ പാലത്തില്‍ നിന്നും കായലിലേക്ക് ചാടി മിഷേല്‍ ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തിലാണ് പൊലീസ്. അടുപ്പമുണ്ടായിരുന്ന ക്രോണിന്‍ അലക്‌സാണ്ടറിന്റെ നിരന്തര ശല്യത്തെത്തുടര്‍ന്നാണിതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ക്രോണിനെ ക്രൈബ്രാഞ്ച് ഇന്ന് വിശമായി ചോദ്യം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ