/indian-express-malayalam/media/media_files/D9q59CGnM6AZozB3ETAB.jpg)
ഫൊട്ടോ: സ്ക്രീൻ ഗ്രാബ്
കോട്ടയം: വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സമരം ചെയ്ത പ്രവാസിയായ സംരഭകനെ പൊലിസ് ബലമായി നീക്കി. സംരംഭകന്‍ ഷാജിമോന്‍ ജോര്‍ജിനെയാണ് മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിന്ന് നീക്കിയത്. ഇതേത്തുടര്‍ന്ന് ഷാജിമോൻ റോഡില്‍ കിടന്ന് സമരം തുടര്‍ന്നു. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് അവകാശപ്പെടുന്ന കേരളത്തിന് നാണക്കേടായി കോട്ടയം മാഞ്ഞൂരിലെ പ്രവാസിയുടെ ദുരനുഭവം.
25 കോടി മുടക്കിയ സംരംഭത്തിന് കെട്ടിട നമ്പര്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെയാണ് ഷാജിമോന്‍ ജോര്‍ജ് മാഞ്ഞൂര്‍ പഞ്ചായത്തിന് മുന്നില്‍ സമരം തുടങ്ങിയത്. എന്നാല്‍ അധികൃതരുടെ പരാതിയെ തുടർന്ന് പൊലിസെത്തി ഷാജിമോനെ കോമ്പൌണ്ടില്‍ നിന്ന് ബലമായി പുറത്താക്കുകയായിരുന്നു. ഷാജിമോന്‍ കിടന്ന കട്ടിലും പൊലിസ് എടുത്തുമാറ്റി. തുടര്‍ന്നാണ് അദ്ദേഹം മണിക്കൂറുകളോളം നടുറോഡില്‍ കിടന്ന് പ്രതിഷേധിച്ചത്.
രാവിലെ മോന്‍സ് ജോസഫ് എംഎല്‍എ പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ജില്ലാ തല സമിതി ചര്‍ച്ച നടത്തുമെന്നും പ്രശ്നം പരിഹരിക്കുമെന്നും പഞ്ചായത്ത് ഉറപ്പ് നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് രേഖകള്‍ കൂടി ഹാജരാക്കിയാല്‍ കെട്ടിട നമ്പര്‍ നല്‍കാമെന്നും സംരംഭകനായ ഷാജിമോനോട് പഞ്ചായത്തിന് വിദ്വേഷമില്ലെന്നും പ്രസിഡന്റ് കോമളവല്ലി പറഞ്ഞു. ഇനി പഞ്ചായത്തുമായി ചര്‍ച്ചയ്ക്കില്ലെന്നും, കോടതിയോ മന്ത്രിമാരോ ഇടപെടാതെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും ഷാജിമോൻ മാധ്യമങ്ങളോട് പറഞ്ഞു.
ഒടുവിൽ, ഉച്ചയ്ക്ക് മൂന്ന് മണിയോടെ സമരം അവസാനിപ്പിക്കുന്നതായി ഷാജിമോൻ അറിയിച്ചു. സിപിഎം കടുത്തുരുത്തി ഏരിയ സെക്രട്ടറിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഇദ്ദേഹം റോഡിൽ കിടന്നുകൊണ്ടുള്ള പ്രതിഷേധം അവസാനിപ്പിച്ചത്. പ്രശ്ന പരിഹാരത്തിന് ഇടപെടാമെന്ന ഉറപ്പിന്മേലാണ് പ്രവാസി സംരംഭകൻ സമരം പിൻവലിച്ചത്.
വ്യവസായം, വിനോദസഞ്ചാരം തുടങ്ങിയ മേഖകള്‍ക്ക് പുത്തനുണര്‍വേകുന്ന കേരളീയം പോലുള്ള പരിപാടികള്‍ കേരള സർക്കാർ ദീര്‍ഘവീഷണത്തോടെ സംഘടിപ്പിക്കുമ്പോഴാണ് പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് കടുത്ത അവഗണന തുടരുന്നത്. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും ആളുകള്‍ക്ക് കേരളത്തിലേക്ക് വരാന്‍ കഴിയുന്ന ഉചിതമായ സമയമാക്കി കേരളീയത്തെ മാറ്റുമെന്ന് ധനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാഞ്ഞൂരിലെ ഈ ഒറ്റയാൾ പ്രതിഷേധം വാർത്തയാകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us