തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍കെണി വിവാദത്തില്‍ ഗൂഢാലോചനാ കുറ്റം ചുമത്തി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. വിവാദ ചാനൽ കുറ്റകരമായ ഗൂഢാലോചനയാണ് നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി എഫ്.ഐ.ആറിൽ പറയുന്നു.
മന്ത്രിക്ക് മാനഹാനി വരുത്തണമെന്ന ഉദ്ദേശവും ചാനലിന് ഉണ്ടായിരുന്നു. ചാനല്‍ ചെയര്മാന് സാജന് വര്‍ഗീസാണ് ഒന്നാം പ്രതി. ചാനലിന്റെ മേധാവി ആർ. അജിത് കുമാര്‍ അടക്കം ഒൻപതു പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മന്ത്രിയെ ഫോണ്‍ ചെയ്ത പെണ്‍കുട്ടിയും പ്രതിപ്പട്ടികയിലുണ്ട്. മുഴുവന്‍ പ്രതികള്‍ക്കും അടുത്ത രണ്ട് ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഐ.ടി ആക്ടിലെ വകുപ്പുകളും പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അശ്ലീല സംഭാഷണം ചാനലിൽ സംപ്രേഷണം ചെയ്തത്, ഫോൺ സംഭാഷണം ഫെയ്സ്ബുക്കിലൂടെ പരസ്യപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ എഫ്.ഐ.ആറിൽ ആരോപിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപിനാണ് അന്വേഷണചുമതല.