കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചിൽവച്ച് ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വെള്ളയിൽ സ്വദേശി മോഹൻദാസാണ് പിടിയിലായത്. ഇയാളെ വീട്ടിൽനിന്നാണ് വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മോഹൻദാസാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചതിനു പിന്നാലെയാണ് അറസ്റ്റുണ്ടായത്. മത്സ്യത്തൊഴിലാളിയായ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പൊലീസ് പറഞ്ഞിരുന്നു.
ഇന്നലെ വൈകീട്ട് 5.30നു കോഴിക്കോട് നോര്‍ത്ത് ബീച്ചിലാണ് ബിന്ദു അമ്മിണിക്കുനേരെ ആക്രമണമുണ്ടായത്. കണ്ടാലറിയാവുന്ന ചിലര്‍ മോശമായി പെരുമാറിയെന്നും ഇതിലൊരാള്‍ തന്നെ ആക്രമിച്ചുവെന്നുമാണു വെള്ളയില്‍ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ബിന്ദു പറഞ്ഞത്. അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 323, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
ആക്രമണം സംബന്ധിച്ച് നാല് വിഡിയോകള്‍ ബിന്ദു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അക്രമിച്ചയാള്‍ സ്കൂട്ടറിനു പിന്നിലിരുന്ന് വന്ന് ബിന്ദുവിനോട് എന്തോ പറയുന്നതാണ് വിഡിയോയില്‍ ഒന്ന്. കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ച അക്രമി ബിന്ദുവിനെ മര്‍ദിക്കുന്നതും നിലത്തിട്ട് തള്ളിയിട്ട് ആക്രമിക്കുന്നതുമാണു മറ്റു വിഡിയോകളില്‍. ഇതിനെ ബിന്ദു ചെറുക്കുന്നതും അക്രമിയുടെ ഫോണ്‍ വലിച്ചെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം.
ബിന്ദു അമ്മിണി തന്റെ ഭർത്താവിനെ മർദിച്ചെന്നു കാണിച്ചു മോഹൻദാസിന്റെ ഭാര്യ റീജ ഇന്ന് വെള്ളയില്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷിച്ച് തുടര്നടപടിയെടുക്കാമെന്നു പൊലീസ് പറഞ്ഞതായി റീജ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Read More: പട്ടാപ്പകൽ പൊതുജനമധ്യത്തില്‍ ആക്രമണം, ഒറ്റയ്ക്കു നേരിട്ട് ബിന്ദു അമ്മിണി; വിഡിയോ