/indian-express-malayalam/media/media_files/uploads/2021/01/irshad-subhash-ebin.jpg)
മലപ്പുറം: ആറുമാസം മുൻപ് ദുരൂഹസാഹചര്യത്തിൽ പന്താവൂരിൽനിന്ന് കാണാതായ യുവാവിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. പന്താവൂർ കാളച്ചാൽ കിഴക്കെ വളപ്പിൽ ഇർഷാദ് ഹനീഫ (25) യാണു കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ സുഭാഷ്, എബിൻ എന്നിവരെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം എടപ്പാൾ പൂക്കളത്തറ സെന്ററിലെ പൊട്ടക്കിണറ്റിൽ തള്ളിയെന്നാണ് പ്രതികളുടെ മൊഴിയെന്നും ഇവിടെ തിരച്ചിൽ ആരംഭിച്ചതായും സിഐ ബഷീർ ചിറയ്ക്കൽ പറഞ്ഞു.
ക്ഷേത്ര പൂജാരിയായ സുഭാഷ് പഞ്ചലോഹ വിഗ്രഹം നൽകാമെന്നു പറഞ്ഞ് അഞ്ച് ലക്ഷം രൂപ ഇർഷാദിൽനിന്ന് വാങ്ങിയിരുന്നു. വിഗ്രഹത്തിന്റെ ഫൊട്ടോ കാണിച്ചാണു ഇർഷാദിനെ സുഭാഷ് വിശ്വസിപ്പിച്ചതെന്നും എന്നാൽ കബളിക്കപ്പെട്ടതാണെന്നു മനസിലായതോടെ തുക തിരികെ ആവശ്യപ്പെട്ടതാണു കൊലപാതകത്തിനു കാരണമായതെന്നും സിഐ പറഞ്ഞു.
Read More Kerala News: തൃശൂർ ദേശീയപാതയിൽ വൻ അപകടം; വോൾവോ ബസ് മറിഞ്ഞു, 19 പേർക്ക് പരുക്ക്
പണം തിരികെ നൽകാൻ നിവൃത്തിയില്ലാതെ വന്നതോടെ പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്താണ് ഇർഷാദിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. വിഗ്രഹം തരാമെന്ന് പറഞ്ഞ് ഇര്‍ഷാദിനെ സുഭാഷിന്റെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയതായും തുടർന്ന് ക്ലോറോഫോം നല്‍കി ബോധരഹിതനാക്കി തലയ്ക്കു പിന്നിലടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് കണ്ടെത്തല്‍. വട്ടംകുളം സ്വദേശികളാണ് പ്രതികൾ.
ജൂൺ 11നാണ് ഇർഷാദിനെ കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളെ പല തവണ ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ തെളിവ് ലഭിച്ചിരുന്നില്ല. ഇർഷാദ് അവസാനമായി വിളിച്ചത് സുഭാഷിന്റെ അധികമാർക്കും അറിയാത്ത നമ്പറിലേക്കാണെന്നു കണ്ടെതിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായതെന്നു സിഐ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും സിഐ പറഞ്ഞു. പ്രതികൾ നടത്തിയ പണമിടപാടുകൾ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us