തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പാൾ ലക്ഷ്മി നായർക്കെതിരെ പേരൂർക്കട പോലീസ് കേസെടുത്തു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ കെ.ഇ ബൈജുവിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്ന കേസുകളിൽ കുറ്റം ആരോപിക്കുന്നവർക്ക് ജാമ്യം ലഭിക്കാറില്ല.

കോളേജ് കവാടത്തിന് സമീപത്ത് വച്ച് വിദ്യാർത്ഥിയെ പരസ്യമായി ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നാണ് കേസ്. പട്ടികജാതി-വർഗ്ഗ വിഭാഗക്കാർക്ക് ലഭിക്കേണ്ട ഗ്രാന്റ് മുടങ്ങിയതിന് പിന്നിൽ കോളേജ് അധികൃതരുടെ അനാസ്ഥയാണെന്ന് കഴിഞ്ഞവർഷം പത്രവാർത്ത വന്നിരുന്നു. ഇതിന് ശേഷം സുഹൃത്തിനൊപ്പം കോളേജിലേക്ക് നടന്നുവരികയായിരുന്ന വിദ്യാർത്ഥിയെ കവാടത്തിന് മുന്നിൽ വച്ച് ലക്ഷ്മി നായർ പരസ്യമായി അധിക്ഷേപിക്കുകായിരുന്നു. സംഭവത്തിന് ദൃക്സാക്ഷിയുള്ളതിനാലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്.

എ.ഐ.എസ്.എഫ് പ്രവർത്തകരാണ് പരാതി നൽകിയത്. ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് വിദ്യാർത്ഥിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായത്. കേസിന്റെ അന്വേഷണ ചുമതല തന്നെ ഏൽപ്പിച്ചതായി ഉത്തരവ് ലഭിച്ചില്ലെന്ന് അസിസ്റ്റന്റ് കമ്മിഷണർ കെ.ഇ ബൈജു പ്രതികരിച്ചു. കോടതിയുടെ ഉത്തരവ് ലഭിച്ചാൽ മാത്രമേ ഇത്തരം കേസുകളിൽ അന്വേഷണം നടത്താൻ സാധിക്കൂ. പേരൂർക്കട പോലീസ് കേസ് രജിസ്റ്റർ ചെയ്ത കേസാണെങ്കിലും ഡി.വൈ.എസ്.പി റാങ്കിലുള്ള ഏത് ഉദ്യോഗസ്ഥനെയും അന്വേഷണ ചുമതല ഏൽപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ലോ അക്കാദമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദ്യാർത്ഥികളുടെ സമരം ശക്തി പ്രപിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇത് ഉടൻ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിന് നിർദേശം നൽകി.
ലോ അക്കാദമിക്കെതിരെ വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം ശരിയാണെന്ന് സിൻഡിക്കേറ്റ് ഉപസമിതി കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ