കോട്ടയം: കന്യാസ്ത്രീയോട് ജലന്ധർ ബിഷപ്പിനെതിരെ പരാതിയിൽ നിന്നും പിന്മാറാൻ ഇടപെട്ട വൈദികനെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസ്സെടുത്തു. ഫാ.ജെയിംസ് എർത്തയിലിനെതിരെയാണ് കുറുവിലങ്ങാട് പൊലീസ് കേസെടുത്തത്. കോടതിയുടെ നിർദ്ദേശ പ്രകാരമാണ് കേസ്.

പരാതിയിൽ നിന്നും പിന്മാറാൻ പാരിതോഷികം വാഗ്‌ദാനം ചെയ്ത സ്വാധീനിക്കാൻ ശ്രമിച്ചു, മരണഭയം ഉളവാക്കുന്ന തരത്തിൽ സംസാരിച്ചു. തുടങ്ങിയ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. നേരത്തെ സഭ ഇടപെട്ട് വൈദികനെ നിലവിലുണ്ടായിരുന്ന ചുമതലയിൽ നിന്നും മാറ്റിയിരുന്നു. കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് വൈദികനിൽനിന്നും സഭ വിശദീകരണം തേടിയിരുന്നു.

ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസ് പിൻവലിച്ചാൽ 10 ഏക്കർ സ്ഥലവും പുതിയ മഠവും നിർമ്മിച്ചു നൽകാമെന്നായിരുന്നു കന്യാസ്ത്രീയ്ക്ക് നൽകിയ വാഗ്‌ദാനം. മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെ ഫാ.ജെയിംസ് എര്‍ത്തയിലാണ് ഫോൺ മുഖേന വാഗ്‌ദാനം നടത്തിയത്. പീഡനത്തിരയായ കന്യാസ്ത്രീയുടെ ഒപ്പമുള്ള സിസ്റ്റർ അനുപമയുമായാണ് വൈദികൻ നടത്തിയെന്ന് പറയുന്ന ഫോൺ സംഭാഷണം പുറത്തായത്.
Read More; ജലന്ധർ ബിഷപ്പിനെതിരായ ബലാത്സംഗ കേസ് പിൻവലിക്കാൻ കന്യാസ്ത്രീക്കു വാഗ്‌ദാനം; ഫോൺ സംഭാഷണം പുറത്ത്
11 മിനിറ്റ് നീണ്ടുനിൽക്കുന്ന ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. കാഞ്ഞിരപ്പളളിയിലോ റാന്നിയിലോ മഠത്തിനായി സ്ഥലവും കെട്ടിടവും നിർമ്മിച്ചു നൽകാമെന്ന് ജലന്ധര്‍ രൂപതയാണ് വാഗ്‌ദാനം നല്‍കിയിട്ടുള്ളതെന്നും കേസ് പിന്‍വലിച്ചാല്‍ മാത്രമേ രൂപത വാഗ്‌ദാനം നടപ്പിലാക്കൂവെന്നുമാണ് ഫാ.ജെയിംസ് സംഭാഷണത്തിൽ പറയുന്നത്.

2014 മേയില്‍ ജലന്ധര്‍ രൂപത ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപതക്ക് കീഴിലെ കുറവിലങ്ങാട്ടെ മഠം ഗസ്റ്റ് ഹൗസില്‍വച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് 13 തവണ ഇത് തുടര്‍ന്നുവെന്നുമാണ് കന്യാസ്ത്രീയുടെ പരാതി. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മാനസികമായും പിഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തിരുന്നു.

2014 മെയ് മാസം മുതല്‍ രണ്ട് വര്‍ഷത്തോളം ഒരോ മാസം ഇടവിട്ട് ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തി. ഇതിനിടെ 13 തവണ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീ ക്രൈം ബ്രാഞ്ചിനു മൊഴി നൽകിയത്. പീഡിപ്പിക്കപ്പെട്ടതായി കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളിൽ ബിഷപ്പ് കുറുവിലങ്ങാട് ഉണ്ടായിരുന്നുവെന്ന് റജിസ്റ്റർ പരിശോധിച്ചതിൽനിന്നും പൊലീസ് കണ്ടെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.