നാട്ടുകാരുടെ സ്വൈരജീവിതം തടസപ്പെടുന്ന സാഹചര്യത്തിലാണ് മവോയിസ്റ്റുകൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് പൊലീസ്. സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ മാവോയിസ്റ്റുകളുടെ പ്രവർത്തനം വ്യാപിക്കുന്നത് സാധാരണക്കാരായ നാട്ടുകാരുടെ സ്വൈരജീവിതത്തിന് തടസമാകുന്നു എന്ന് പൊലീസ് പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കുന്നു.

വയനാട്ടിലെ വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ലക്കിടി ഉപവൻ റിസോർട്ടിൽ ബുധനാഴ്ചയെത്തിയ ആയുധധാരികളായ മാവോയിസ്റ്റ് സംഘം പണവും ഭക്ഷണവും കരസ്ഥമാക്കാൻ ശ്രമിച്ചുവെന്നും അവിടെയെത്തിയ സായുദ പൊലീസ് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. തുടർന്നുണ്ടായ സംഘർഷത്തിലാണ് സി പി ജലീൽ കൊല്ലപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.

മാവോയിസ്റ്റുകൾ ശല്യപ്പെടുത്തുന്നു എന്ന് ചൂണ്ടികാട്ടി നിരവധി പരാതികൾ ലഭിച്ചിരുന്നുവെന്നും പൊലീസ്. ഇന്നുണ്ടായ ഏറ്റുമുട്ടലിനെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു. സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള ക്രൈംബ്രാഞ്ച് മജിസ്റ്റീരിയൽ തല അന്വേഷണങ്ങൾ ഉടൻ ആരംഭിക്കും.

അതേസമയം മാവോയിസ്റ്റുകൾക്കായുളള തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചതായി പൊലീസ്. സംഘത്തിൽ ഒരാൾക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നും ഇയാൾ സുഗന്ധഗിരി-അമ്പ മേഖലയിലേക്ക് കടന്നതായും പൊലീസ് പറഞ്ഞു. ഇവിടെ വരെ രക്തപ്പാടുകൾ പിന്തുടർന്ന് പൊലീസിന് പോകാൻ സാധിച്ചെങ്കിലും മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തെ തുടർന്ന് തണ്ടർ ബോൾട്ട് സംഘം തിരിച്ചിറങ്ങുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.