കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം സിനിമാ മേഖലയിലെ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നു. ഗൂഡാലോചനയിൽ ദിലീപിന്റെയും നാദിർഷായുടെയും പങ്കാളിത്തത്തെക്കുറിച്ചു അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. സിനിമ മേഖലയിലുള്ളവരെ ആലുവ പോലീസ്‌ ക്ലബ്ബിലേക്ക് ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയിട്ടുണ്ടെന്നാണ് സൂചന.

ദിലീപുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ദിലീപുമായി അടുത്ത ബന്ധമുളള കണ്ണൂരിലെ തിയറ്റര്‍ ഉടമയെ പൊലീസ് ചോദ്യം ചെയ്തു. ദിലീപിന്റെ ഫോണ്‍ കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കാലത്തെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ആക്രമിക്കപ്പെട്ട നടിയുടെ അഭിമുഖം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. തന്നെ സിനിമയില്‍ നിന്നും ഒതുക്കിയെന്ന നടിയുടെ പരാമര്‍ശം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഇതിനിടെ ഫോൺ വിളിക്കേസിൽ സുനിൽ കുമാറിനെയും സഹ തടവുകാരായ വിഷ്ണു, വിപിൻ ലാൽ, സുനിൽ എന്നിവരെയും ഇന്നും ചോദ്യം ചെയ്യുന്നുണ്ട്.

ജയിലിൽ നിന്നും കത്തെഴുതിയ വിപിൻ ലാൽ, സുനിൽ കുമാറിന്റെയും ജയിൽ അധികൃതരുടേയും പ്രേരണയാലാണ് കത്ത് എഴുതിയത് എന്ന് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ പൾസർ സുനി പറഞ്ഞതെല്ലാം സത്യമാണ് എന്നാണ് വിഷ്ണു നൽകിയിരിക്കുന്ന മൊഴി. ഇവർ മൂന്ന് പേരെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് സാധ്യത.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ