കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം ഒന്ന് വരെയാണ് റിമാന്‍ഡ് നീട്ടിയത്. സുനിയുടെ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച്ച പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

ഇതിനിടെ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ കോതമംഗലം സ്വദേശി അടക്കം രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഞ്ചു വർഷം മുമ്പ് മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. നിര്‍മ്മാതാവ് ജോണി സാഗരികയാണ് പരാതി നല്‍കിയത്.

പള്‍സര്‍ സുനിയും ഉള്‍പ്പെട്ട ഈ കേസില്‍ എബിന്‍ എന്നയാളെയും മറ്റൊരാളേയുമാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സുനിക്കെതിരെ ഈ സംഭവത്തില്‍ കേസെടുത്തത്. അന്ന് സുനിയുടെ ടെമ്പോ ട്രാലസറിന്റെ ക്ലീനറായിരുന്നു എബിന്‍.

യുവനടിക്ക് നേരെ ഉണ്ടായ ആക്രമണം വിഷയമാക്കിയ ചാനല്‍ ചര്‍ച്ചയിലാണ് നടിയുടെ ഭര്‍ത്താവും സിനിമാ നിര്‍മ്മാതാവുമായയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അഞ്ചു വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. കൊച്ചിയില്‍ വച്ചാണ് സുനി നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

ജോണി സാഗരികയുടെ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു സംഭവം നടന്നത്. എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും നടിയെ കൊണ്ടുവരാന്‍ ഏര്‍പ്പാടാക്കിയ വണ്ടിയിലാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. പൾസർ സുനി അന്ന് ജോണി സാഗരികയുടേയും ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടായിരുന്നു. ഹോട്ടലില്‍ പോകാനായി പള്‍സര്‍ സുനിയുടെ വണ്ടിയില്‍ കയറിയ നടിയെ ഇയാള്‍ ഹോട്ടലിലെത്തിക്കാതെ വാഹനത്തില്‍ ഇരുത്തി കറങ്ങി.

റമദാന്‍ ഹോട്ടലില്‍ പോകുന്നതിന് പകരം ടെമ്പോ പലതവണ ചുറ്റിക്കറങ്ങിയപ്പോള്‍ ഭയന്ന നടി ഫോണില്‍ ഭര്‍ത്താവിനെ വിവരമറിയിച്ചു. എന്താണ് ഇങ്ങനെ കിടന്നു കറങ്ങുന്നത് എന്ന് നടി ചോദിച്ചപ്പോള്‍ പള്‍സര്‍ സുനി ഹോട്ടലില്‍ കൊണ്ടിറക്കിയെന്നും അന്ന് നടിയുടെ ഭര്‍ത്താവ് വെളിപ്പെടുത്തിയിരുന്നു. നടിയ്ക്ക് ഒപ്പം യാത്ര ചെയ്യേണ്ടിയിരുന്ന മറ്റൊരു നടിയെയാണ് പള്‍സര്‍ സുനി ലക്ഷ്യം വെച്ചിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.