കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ ഫെയ്സ്ബുക്കില്‍ പരാമർശം നടത്തിയ നടൻ അജു വർഗീസിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. മൊഴി രേഖപ്പെടുത്താൻ കളമശേരി സിഐ ഓഫീസിൽ എത്തിയ അജുവിന്റെ ഫോണാണ് പൊലീസ് ഹാജാരാക്കാന്‍ ആവശ്യപ്പെട്ടത്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയശേഷം അറസ്റ്റ് അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുമെന്ന് പോലീസ് പറഞ്ഞു.

അജു വർഗീസിനെതിരെ പൊലീസ് നേരത്തേ കേസെടുത്തിരുന്നു. സമാനമായ സംഭവത്തിൽ കേസിൽ പെടുന്ന രണ്ടാമത്തെ ആളാണ് അജു വര്‍ഗീസ്. നേരത്തെ സംവിധായകനും തിരക്കഥാകൃത്തുമായ എസ്എൻ സ്വാമിക്കെതിരെ കളമശ്ശേരി പോലീസ് കേസെടുത്തിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ പ്രതിയാക്കാൻ ശ്രമം നടക്കുന്നു എന്നാരോപിച്ച് എഴുതിയ പോസ്റ്റിലാണ് അജു വർഗീസ് നടിയുടെ പേര് പറഞ്ഞത്.

തെറ്റ് മനസിലാക്കിയ നടൻ പോസ്റ്റ് എഡിറ്റ് ചെയ്തെങ്കിലും അപ്പോഴേക്കും പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു. തുടർന്ന് നടിയുടെ പേര് പറഞ്ഞത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ് എഡിറ്റ് ചെയ്യുന്നതായി അജു വർഗീസ് മറ്റൊരു പോസ്റ്റിൽ പറയുകയും ചെയ്തു. ഈ പോസ്റ്റിൽ താരം നടിയോട് പരസ്യമായി മാപ്പ് പറയുകയും ചെയ്തു.

പീഡനത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തി എന്ന് കാണിച്ചാണ് അജു വർഗീസിനും എസ് എൻ സ്വാമിക്കും എതിരെ ഗിരീഷ് ബാബു പരാതി നൽകിയത്. പീഡിപ്പിക്കപ്പെട്ട ഇരയുടെ പേര് വെളിപ്പെടുത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് കടന്ന സാഹചര്യത്തിലാണ് അജുവിനെ വിളിച്ച് ചോദ്യം ചെയ്തത്.

Read More : കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളി അല്ല; ദിലീപിന്റെ അറസ്റ്റിൽ പ്രതികരിച്ച് മുരളി ഗോപി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.