കൊച്ചി: പറവൂർ വടക്കേക്കരയിൽ ലഘുലേഖ വീടുകളിൽ വിതരണം ചെയ്ത 39 പേർ കസ്റ്റഡിയിൽ. ഗ്ലോബൽ ഇസ്ലാമിക് ഫൗണ്ടേഷന്‍റെ പേരിലാണ് ലഘുലേഖ വിതരണം ചെയ്തിരുന്നത്. പറവൂരിലെ വീടുകളില്‍ വിതരണം ചെയ്ത ലഘുലേഖകളും പൊലീസ് പിടിച്ചെടുത്തു. ലഘുലേഖ വിതരണം ചെയ്യവെ നാട്ടുകാര്‍ ഇടപെട്ട് ഇവരെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പിടിയിലായവരില്‍ ഭൂരിഭാഗവും കൊച്ചി സ്വദേശികളുമാണ്. എഞ്ചിനീയര്‍മാര്‍ അടക്കമുളള ഉന്നതവിദ്യാഭ്യാസമുളളവരാണ് പിടിയിലായത്. മുജാഹിദ് പ്രവര്‍ത്തകരാണ് ഇവരെന്നാണ് വിവരം.

മതവിദ്വേഷം പടര്‍ത്തുന്ന കുറിപ്പുകള്‍ വിതരണം ചെയ്തതിന് ഇവര്‍ക്കെതിരെ കേസ് എടുത്തതായും അറസ്റ്റ് രേഖപ്പെടുതതിയതായും പൊലീസ് വ്യക്തമാക്കി. ഇവരെ കൈയേറ്റം ചെയ്തവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.

ഈ മാസം 15ന് കോട്ടയത്തും ഇതേ ലഘുലേഖ വിതരണം ചെയ്തതായും സൂചനയുണ്ട്. കസ്റ്റഡിയിലെടുത്തവരെ ആലുവ ഡിവൈഎസ്പി വിശദമായി ചോദ്യം ചെയ്യുകയാണ്. ഇത് സംസ്ഥാന ക്യാംപെയിനാണെന്ന് പൊലീസ് പറയുന്നു. ‘ഐഎസ്: മത നിഷേധം, മാനവ വിരുദ്ധം’ എന്ന ഇസ്ലാമിക് സ്റ്റേറ്റ് വിരുദ്ധ നോട്ടീസ്, ‘ഒരേയൊരിന്ത്യ, ഒരൊറ്റ ജനത’ എന്ന തലക്കെട്ടിലുള്ള നോട്ടീസ്, ‘ജീവിതം എന്തിനു വേണ്ടി’, ഖുർ ആനെ പരിചയപ്പെടുത്തുന്ന ‘വിമോചനത്തിന്റെ വഴി’ തുടങ്ങിയ ലഘുലേഖകളായിരുന്നു മുജാഹിദ് പ്രവർത്തകരുടെ കൈയിൽ ഉണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ