കൊച്ചി: 2011ല്‍ നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. ഡ്രൈവറായി ഉണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി സുനീഷ്, ഹോട്ടല്‍ ജീവനക്കാരനായി ചമഞ്ഞ അഷ്റഫ് എന്നിവരാണ് ഇന്ന് പൊലീസ് പിടിയിലായത്.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ സഹായികളാണ് പിടിയിലായത്. അഞ്ചു വർഷം മുമ്പ് മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലാണ് ഇവരെ പിടികൂടിയത്. നടിയുടെ മൊഴി എടുത്തതിന് ശേഷമാണ് പൊലീസ് നടപടി സ്വീകരിച്ചത്. നടിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. നിര്‍മ്മാതാവ് ജോണി സാഗരികയായിരുന്നു പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് സുനിക്കെതിരെ ഈ സംഭവത്തില്‍ കേസെടുത്തത്. അന്ന് സുനിയുടെ ടെമ്പോ ട്രാവലറിന്റെ ക്ലീനറായിരുന്നു ഒരാളെ ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

യുവനടിക്ക് നേരെ ഉണ്ടായ ആക്രമണം വിഷയമാക്കിയ ചാനല്‍ ചര്‍ച്ചയിലാണ് നടിയുടെ ഭര്‍ത്താവും സിനിമാ നിര്‍മ്മാതാവുമായയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കൊച്ചിയില്‍ വച്ചാണ് സുനി നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

ജോണി സാഗരികയുടെ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു സംഭവം നടന്നത്. എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും നടിയെ കൊണ്ടുവരാന്‍ ഏര്‍പ്പാടാക്കിയ വണ്ടിയിലാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. പൾസർ സുനി അന്ന് ജോണി സാഗരികയുടേയും ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടായിരുന്നു. ഹോട്ടലില്‍ പോകാനായി പള്‍സര്‍ സുനിയുടെ വണ്ടിയില്‍ കയറിയ നടിയെ ഇയാള്‍ ഹോട്ടലിലെത്തിക്കാതെ വാഹനത്തില്‍ ഇരുത്തി കറങ്ങി.

റമദ ഹോട്ടലില്‍ പോകുന്നതിന് പകരം ടെമ്പോ പലതവണ ചുറ്റിക്കറങ്ങിയപ്പോള്‍ ഭയന്ന നടി ഫോണില്‍ ഭര്‍ത്താവിനെ വിവരമറിയിച്ചു. എന്താണ് ഇങ്ങനെ കിടന്നു കറങ്ങുന്നത് എന്ന് നടി ചോദിച്ചപ്പോള്‍ പള്‍സര്‍ സുനി ഹോട്ടലില്‍ കൊണ്ടിറക്കിയെന്നും അന്ന് നടിയുടെ ഭര്‍ത്താവ് വെളിപ്പെടുത്തിയിരുന്നു. നടിയ്ക്ക് ഒപ്പം യാത്ര ചെയ്യേണ്ടിയിരുന്ന മറ്റൊരു നടിയെയാണ് പള്‍സര്‍ സുനി ലക്ഷ്യം വെച്ചിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ