എരുമേലി: ശബരിമലയിൽ ദർശനത്തിന് തയ്യാറെടുത്ത തങ്ങളെ പൊലീസ് മാനസികമായി പീഡിപ്പിച്ചതായി ട്രാൻസ് വ്യക്തികളുടെ പരാതി. എരുമേലിയിൽ വച്ച്​ ഇവരെ പൊലീസ്​ തടയുകയായിരുന്നു. രഞ്ജു, അനന്യ, അവന്തിക, തൃപ്തി എന്നിവരാണ്​ ദർശനത്തിനായി എത്തിയത്​.

ആണ്‍ വേഷം മാറി ശബരിമലയിലേക്ക് പോവാമെന്നാണ് പൊലീസ് ആദ്യം പറഞ്ഞതെന്ന് അനന്യ പറഞ്ഞു. പിന്നീട് വേഷം മാറാന്‍ തയ്യാറായപ്പോള്‍ പോകാന്‍ അനുമതി  നിഷേധിച്ചതായും ഇവര്‍ ആരോപിച്ചു. ‘ഞങ്ങള്‍ വേഷം മാറിയതിന് ശേഷം ശബരിമലയില്‍ പ്രവേശിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ പൊലീസ് അനുമതി തന്നില്ല. മോശമായാണ് പൊലീസ് പെരുമാറിയത്. മാനസികമായി പീഡിപ്പിക്കുകയാണ് ചെയ്തത്,’ അനന്യ പറഞ്ഞു.

ദർശനം നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയ നാല് പേരെയാണ് പൊലീസ് തിരിച്ചയച്ചത്. ​തന്ത്രി ഉൾപ്പടെയുള്ളവരുടെ തീരുമാനം അറിഞ്ഞ ശേഷം വീണ്ടും ശബരിമല ദർശനം നടത്തുമെന്നും ഇവർ അറിയിച്ചു. ‘ഞങ്ങള്‍ വ്രതം എടുത്താണ് മലയിലേക്ക് വന്നത്. വരുന്ന വഴിയില്‍ എരുമേലി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. പുരുഷ പൊലീസ് ഉദ്യോഗസ്ഥരൊക്കെ മോശമായാണ് പെരുമാറിയത്. ഇനി ജയിലില്‍ ആയിരിക്കും സ്ഥാനം എന്നാണ് പറഞ്ഞത്,’ അനന്യ പറഞ്ഞു.

വരുംദിവസങ്ങളിൽ യുവതികളുടെ സംഘം ശബരിമലയിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്​. തമിഴ്നാട്ടില്‍ നിന്നുളള സംഘത്തിന് പൊലീസ് സുരക്ഷ നല്‍കുമെന്ന് പറഞ്ഞിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ