കോലഞ്ചേരി: വടയമ്പാടി ഭജനമഠത്തിന് അടുത്ത് ദലിത് ഭൂ അവകാശ സമര മുന്നണി ദീർഘനാളായി സമരം ചെയ്തുവന്ന സമരപന്തൽ പൊലീസ് പൊളിച്ചു നീക്കി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സമരസമിതി അംഗം ആത്മഹത്യക്ക് ശ്രമിച്ചു. എന്നാൽ ഇയാളെ പൊലീസ് കീഴ്‌പ്പെടുത്തി.

രാവിലെ 5.45 ഓടെയാണ് മൂവാറ്റുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഇവിടേക്ക് എത്തിയത്. നേരത്തേ തന്നെ സമരപന്തൽ പൊളിച്ചുനീക്കണമെന്ന് പൊലീസ് നോട്ടീസ് നൽകിയിരുന്നു. സമരക്കാർ ഇതിന് വിസമ്മതിച്ചതോടെയാണ് പൊലീസ് നടപടി.

പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഏഴ് പേരാണ് സമരപന്തലിൽ ഉണ്ടായിരുന്നത്. ഇവർ ചെറുത്തുനിൽക്കുന്നതിനിടെ സമരസമിതി പ്രവർത്തകൻ മോഹനനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാൽ പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തി.

ഒന്നര ഏക്കറോളം റവന്യൂ ഭൂമി എൻഎസ്എസിന് പതിച്ച് നൽകി, ദലിത് കുടുംബങ്ങൾക്ക് ഇവിടേക്ക് പ്രവേശനം നിഷേധിച്ചതിനെതിരെയാണ് ദലിതർ സമരം നടത്തി വന്നത്. പത്ത് മാസത്തോളമായി ഇവിടെ കുടുംബങ്ങൾ സമരത്തിലായിരുന്നു. ഇതിനിടെയാണ് എൻഎസ്എസ് വക ക്ഷേത്രത്തിൽ ഉത്സവം നടക്കുമ്പോൾ അക്രമം ഉണ്ടാകാൻ ഇടയുണ്ടെന്ന് കാട്ടി സമരപന്തൽ പൊളിച്ചുനീക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.