കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യപ്രതി പൾസർ സുനിയെ കോടതിയിൽ ഹാജരാക്കാതിരുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് അഭിഭാഷകൻ ബി.എ.ആളൂർ. സുനിയെ ഈ മാസം 30 വരെ റിമാന്റിൽ എറണാകുളം സിജെഎം കോടതി വിട്ടതോടെയാണ് പൊലീസ് ഇയാളെ അങ്കമാലി കോടതിയിൽ ഹാജരാക്കാതെ ജയിലിലേക്ക് കൊണ്ടുപോയത്.

“സുനി വെളിപ്പെടുത്തലുകൾ നടത്തുമെന്ന് ഭയന്നാണ് പൊലീസ് ഇദ്ദേഹത്തെ അങ്കമാലി കോടതിയിൽ ഹാജരാക്കാതിരുന്നതെ”ന്ന് അഡ്വ.ബി.എ.ആളൂർ പറഞ്ഞു. “ചില നടിമാരുടെ പേരുകൾ സുനി തന്നോട് പറഞ്ഞിരുന്നു. അക്കാര്യം വെളിപ്പെടുത്തേണ്ടത് സുനിയാണ്. അഭിഭാഷക ധർമ്മം അനുസരിച്ച് തനിക്കിത് പറയാൻ സാധിക്കില്ല”, ആളൂർ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന നടത്തിയ മാഡം സിനിമ നടിയാണെന്ന് നേരത്തേ വ്യക്തമാക്കിയ പൾസർ സുനി ഇന്ന് കോടതിയിൽ ഇവരുടെ പേര് പറയുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ആദ്യം എറണാകുളം ജില്ല കോടതിയിൽ സുനിയെ ഹാജരാക്കിയിപ്പോൾ, അങ്കമാലി കോടതിയിൽ മാഡത്തിന്റെ പേര് വെളിപ്പെടുത്തുമെന്നാണ് വിശദീകരിച്ചത്. പക്ഷെ റിമാന്റ് നീട്ടിക്കിട്ടിയ സാഹചര്യത്തിൽ, സുനിയെ അങ്കമാലി കോടതിയിൽ ഹാജരാക്കാതെ പൊലീസ് നേരെ ജയിലിലേക്ക് പോവുകയായിരുന്നു.

അതേസമയം അങ്കമാലി കോടതിയിൽ സുനിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.ബി.എആളൂർ അപേക്ഷ നൽകിയിട്ടുണ്ട്. സുനിയുടെ ജാമ്യഹർജിയിലാണ് അങ്കമാലി കോടതി വാദം കേൾക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ