തൃശ്ശൂർ : ചാലക്കുടിയിലെ ഭൂമി ഇടപാടുകാരൻ രാജീവിന്റെ വധത്തില്‍ ഏഴാം പ്രതിയായ അഡ്വ. സിപി ഉദയഭാനുവിന്റെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ്. കൊച്ചിയിലെ ഓഫീസിലും തൃപ്പുണിത്തുറയിലെ വീട്ടിലുമാണ് റെയ്ഡ്.
കൊല്ലപ്പെട്ട രാജീവുമായുളള ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ തേടിയാണ് പൊലീസിന്റെ പരിശോധന. ഇന്നലെ കോടതി കേസ് പരിഗണിച്ചപ്പോള്‍ ഉദയഭാനുവിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോവാമെന്ന് അറിയിച്ചിരുന്നു. ഉദയഭാനുവിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
ഉദയഭാനു പല തവണ രാജീവിന്റെ വീട്ടിൽ എത്തിയിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തേ പൊലീസിന് ലഭിച്ചിരുന്നു. രാജീവിന്റെ വീട്ടിലെ സി സി ടിവി കാമറകളിൽ നിന്നാണ് ഈ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. ഈ സമയത്തു ഇരുവരും നല്ല ബന്ധത്തിലായിരുന്നു.പിന്നീടാണ് ഇവർ തമ്മിൽ തെറ്റിയത്. കൊലപാതകത്തിലെ ഗൂഢാലോചന കേന്ദ്രികരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് ഈ ദൃശ്യങ്ങൾ ശേഖരിച്ചത്. രാജീവിന്റെ കൊലപാതകത്തിൽ ഉദയഭാനുവിന് പങ്കുണ്ടെന്നു നേരെത്തെ മുതൽ ആരോപണം ഉയർന്നിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നല്കാൻ പോലീസ് ആദ്യഘട്ടത്തിൽ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലാണ് രാജീവിനെ പ്രതികൾ തട്ടിക്കൊണ്ടു വന്നത് ഉദയഭാനുവിനും കൂടി വേണ്ടിയാണെന്ന് പോലീസ് വ്യകത്മാക്കിയത്. പ്രതികളുടെ മൊഴിയിലും ഉദയഭാനുവിന്റെ പങ്കിനെ കുറിച്ച് പറയുന്നുണ്ട്.
കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള നാല് പ്രതികളെയും ഇവരെ കൃത്യത്തിനു നിയോഗിച്ച ചക്കര ജോണി,രഞ്ജിത്ത് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.