കൊച്ചി: കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ ഇന്നലെ രാത്രി നടന്ന അക്രമ സംഭവങ്ങളിൽ ട്രാൻസ്ജെൻഡറായ ആറ് പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി. സംഘടിതമായുള്ള പിടിച്ചുപറി ശ്രമത്തിനാണ് 395 വകുപ്പ് ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

പൊലീസ് കസ്റ്റഡിയിലുള്ള ട്രാൻസ്ജെൻഡറായ രേഖ (26), രജനി (29), രാധിക (34), പൂജ (20), തൻവി (21), ആൻഡ്രിയ (21) എന്നിവർക്കെതിരെയാണ് പൊലീസ് ഗുരുതരമായ കുറ്റം ചുമത്തിയിരിക്കുന്നത്. കുമ്പളങ്ങി പടിക്കൽ വീട്ടിൽ റിജോ അഗസ്റ്റിനെ എറണാകുളം കെഎസ്ആർടിസി സ്റ്റാന്റിന് സമീപത്ത് വച്ച് ആയുധമുപയോഗിച്ച് ആക്രമിച്ചുവെന്നും ഇയാളുടെ പക്കലുണ്ടായിരുന്ന 1600 രൂപ പിടിച്ചുപറിച്ചെന്നുമാണ് പൊലീസ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

ഇന്ത്യൻ പീനൽ കോഡിലെ വകുപ്പ് 395, 264, 506, 324 എന്നിവ പ്രകാരമാണ് ട്രാൻസ്ജെൻഡർ  വിഭാഗക്കാരുടെ പേരിൽ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് എറണാകുളം സെൻട്രൽ സിഐ എ.അനന്തലാൽ നൽകിയ മറുപടി ഇങ്ങിനെ. “നിങ്ങൾക്കറിയാമോ രാത്രി ആയാൽ എന്തൊക്കെ വൃത്തികേടുകളാണ് ഇവർ ഈ നഗരത്തിൽ കാണിക്കുന്നതെന്ന്? ആരെന്ത് പറഞ്ഞാലും, എന്റെ പണി പോയാലും ശരി ഇത് ഞാൻ അവസാനിപ്പിക്കും”, സിഐ രോഷത്തോടെ പറഞ്ഞു.

ഈ സമയം ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത ആറ് ട്രാൻസ്ജെൻഡർ വിഭാഗക്കാരും എറണാകുളം  വനിതാ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ് മുറിക്ക് അകത്തായിരുന്നു. ഇന്നലെ രാത്രി ഇവരടക്കം പതിനഞ്ച് പേരെയാണ് സിഐ അനന്തലാലിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. രാവിലെ ഒൻപത് പേരെ പൊലീസ് വിട്ടയച്ചു.

സംഭവത്തെ കുറിച്ച് ട്രാൻസ്ജെൻഡർ  വിഭാഗക്കാർ ഉന്നയിച്ച പരാതി കേൾക്കാൻ പോലും പൊലീസ് കൂട്ടാക്കിയിരുന്നില്ല. ഇവരുടെ പരാതി ഇതുവരെയും സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തിട്ടില്ല. കെഎസ്ആർടിസി സ്റ്റാന്റിന് സമീപത്ത് വച്ച് ഇന്നലെ രാത്രിയാണ് സംഭവത്തിന്റെ തുടക്കം.

പാർവ്വതിയെന്ന ട്രാൻസ്ജെൻഡറിന്റെ പഴ്സ് റിജോ പിടിച്ചുപറിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് ട്രാൻസ്ജെൻഡർ പേഴ്സൺസ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. “ഞങ്ങൾ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. ഈ സമയത്ത് അവൻ (റിജോ) വന്ന് പഴ്സ് തട്ടിപ്പറിച്ചു. പഴ്സ് കൈയ്യിൽ വച്ച ശേഷം ‘വരുന്നോ’ യെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഇല്ലായെന്ന്. പഴ്സ് തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. അവൻ അത് തുറന്ന് പരിശോധിച്ചു. ഇതിനിടയിൽ പഴ്സിലുണ്ടായിരുന്ന എന്റെ ഫോൺ താഴെ പോയി. ഫോണിന്റെ ഡിസ്‌പ്ലേ തകർന്നു”, പാർവതി പറഞ്ഞു.

“ഇതിനു മുൻപൊരിക്കൽ ഒരു ട്രാൻസ്ജെൻഡറിന്റെ തല റിജോ എറിഞ്ഞു പൊട്ടിച്ചു. കുഴപ്പം കണ്ട് നാട്ടുകാർ ഓടിക്കൂടി. അവർ ഇയാളെ തല്ലി. പിന്നീട് ഞങ്ങൾ പൊലീസിനെ വിളിച്ചു. എന്നാൽ സിഐ അനന്തലാൽ വന്നപ്പോൾ ഞങ്ങൾ പ്രതിസ്ഥാനത്തായി”, പാർവതി പറഞ്ഞു.

എന്നാൽ താൻ മുൻപ് ഇവരെ ആക്രമിക്കുകയോ കാണുകയോ ഉണ്ടായിട്ടില്ലെന്നാണ് റിജോ അഗസ്റ്റിന്റെ വാദം. “ഒരു സാമുറായി ബൈക്ക് ഒഎൽഎക്സ് വഴി കോയമ്പത്തൂരിൽ പഠിക്കുന്ന മലയാളികളായ വിദ്യാർത്ഥികൾക്ക് വിറ്റിരുന്നു. ഇന്നലെയാണ് അവർ ബൈക്ക് എടുക്കാൻ വന്നത്. അവർക്ക് സിറ്റിയിൽ നിന്ന് പുറത്തേക്ക് കടക്കാനുള്ള വഴി കാണിച്ച് കൊടുക്കാനാണ് കെഎസ്ആർടിസി സ്റ്റാന്റിലേക്ക് പോയത്”, റിജോ പറഞ്ഞു.

ഈ സമയത്ത് റിജോയ്‌ക്കൊപ്പം സുഹൃത്തായ ജോഷിയും ഉണ്ടായിരുന്നു. “ജോഷി ഞാൻ ഓടിച്ച വണ്ടിയിൽ പുറകിലായിരുന്നു ഇരുന്നത്. കെഎസ്ആർടിസി സ്റ്റാന്റിന് അടുത്തെത്തിയപ്പോൾ ദേ ഡാ ശിഖണ്ഡികൾ എന്ന് അവൻ പറഞ്ഞു. അവൻ ആവശ്യപ്പെട്ടത് പ്രകാരം വണ്ടിയുടെ വേഗം കുറച്ചു. ഉടനെ തന്നെ ജോഷി അവരെ (ട്രാൻസ്ജെൻഡർ പേഴ്സൺസ്) നോക്കി ശിഖണ്ഡീ എന്ന് ഉറക്കെ വിളിച്ചു. ഇവരുടെ വളരെ അടുത്തായിരുന്നു ഞങ്ങൾ ഈ സമയത്ത്”, റിജോ വിശദീകരിച്ചു.

റിജോ അഗസ്റ്റിന്റെ വസ്ത്രം കീറിയ നിലയിൽ

“പക്ഷെ വണ്ടി കഷ്ടകാലത്തിന് അപ്പോൾ തന്നെ ഓഫായി. ഉടനെ തന്നെ അവർ ഓടി ഞങ്ങളുടെ അടുത്തേക്ക് വന്നു. കൈയ്യിലുണ്ടായിരുന്ന ബാഗ് വച്ച് ജോഷിയെ രണ്ട് വട്ടം മുതുകിൽ അടിച്ചു. ബൈക്കിൽ നിന്ന് ഇറങ്ങിയ ജോഷി രക്ഷപ്പെട്ടോടി. എനിക്ക് ഓടാൻ സാധിക്കും മുൻപ് കൂടുതൽ പേരെത്തി. തലയ്ക്ക് ചെവിക്ക് പുറകിലായി അടികൊണ്ടു. ചെവിയിൽ നിന്ന് ചെറുതായി ചോര വന്നിരുന്നു. ഷർട്ടിന്റെ കീശയിലുണ്ടായിരുന്ന 1600 രൂപ അവരെടുത്തു. എന്റെ ഫോൺ നിലത്തുവീണ് ഓഫായി പോയി. പൊലീസെത്തിയപ്പോൾ സംഭവം കണ്ട് നിന്ന ഒരു ഓട്ടോക്കാരനാണ് എന്റെ ഭാഗം പറഞ്ഞത്,” റിജോ വ്യക്തമാക്കി.

രാത്രി സംഭവമറിഞ്ഞ് സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയ ഓൺലൈൻ മാധ്യമപ്രവർത്തകരോട് പൊലീസ് ദേഷ്യപ്പെട്ടതായും അസഭ്യം പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, റിജോയെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.  സംഭവത്തിൽ പ്രതിസ്ഥാനത്തുളള ട്രാൻസ്ജെൻഡർ പേഴ്സൺസിന് പരമാവധി  ശിക്ഷ വാങ്ങിക്കൊടുക്കാൻ പൊലീസ് പരിശ്രമിക്കുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ