കൊച്ചി: ലഷ്‌കറെ തയിബ ഭീകരരെ തമിഴ്‌നാട്ടിലേക്ക് എത്താന്‍ സഹായിച്ചെന്ന് സംശയിക്കുന്ന തൃശൂര്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദര്‍ റഹീമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം ജില്ലാ കോടതിയില്‍ കീഴടങ്ങാനായി എത്തിയ റഹീമിനെ പൊലീസ് നാടകീയമായി പിടികൂടുകയായിരുന്നു.

ശ്രീലങ്കയില്‍ നിന്നും ഭീകരര്‍ കോയമ്പത്തൂരില്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായ തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നതാണ്. ആരാധനാലയങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളുമടക്കം ആളുകള്‍ കൂടുന്ന ഇടത്തെല്ലാം സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്.

ആറംഗ ഭീകര സംഘത്തെ തമിഴ്‌നാട്ടിലെത്താന്‍ സഹായിച്ചത് റഹീമാണെന്നാണ് സംശയം. ഇതോടെയാണ് ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചത്. റഹീമിനൊപ്പം ഒരു യുവതിയുമുണ്ടായിരുന്നുവെന്നും വിവരം ലഭിച്ചിരുന്നു. ഈ യുവതിയെ ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Read Also: ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടില്‍; സംഘത്തില്‍ മലയാളിയും, ഹൈ അലര്‍ട്ട്

ഇന്ന് ഉച്ചയോടെ എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയതായിരുന്നു റഹീം. എന്നാല്‍ ഇതിനിടെ പൊലീസ് എത്തി റഹീമിനെ പിടികൂടുകയായിരുന്നു. അതേസമയം, താന്‍ നിരപരാധിയാണെന്നും എന്താണ് നടക്കുന്നതെന്ന് അറിയില്ലെന്നും റഹീം പിടിയിലാകും മുമ്പ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു റഹീമിന്റെ പ്രതികരണം.

ഇന്നലെ ഉച്ചയ്ക്ക് ആലുവയിലുള്ള ഗാരേജില്‍ ജോലി ചെയ്യുമ്പോഴാണ് വാര്‍ത്ത അറിയുന്നത്. ഒരു ഫോണ്‍ സംഭാഷണം പോലും നടത്തിയിട്ടില്ല. ഭീകരരുമായി ഒരു ബന്ധവുമില്ലെന്നും റഹീം പറഞ്ഞു.

“പാക് പൗരനാണെന്ന് പറയപ്പെടുന്ന അബു ഇല്യാസിനെ അറിയില്ല. പിന്നെ അറിയാവുന്നത് ബഹ്‌റൈന്‍ സ്വദേശിയായ എമിഗ്രേഷന്‍ ഓഫിസറായ ഒരു അബു ഇല്യാസിനെ മാത്രമാണ്. ശ്രീലങ്കക്കാരുമായി എനിക്ക് ഒരു ബന്ധവുമില്ല” റഹീം പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.