തൃശ്ശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ കോയമ്പത്തൂരില്‍ പിടിയില്‍. തട്ടിപ്പ് കേസില്‍ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ജനുവരി ആറിനാണ് ഇയാള്‍ സംസ്ഥാനം വിട്ടത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയ്ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരധി പരാതികള്‍ ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇയാളുടെ സുഹൃത്തുക്കളുള്ള സംസ്ഥാനങ്ങളില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് കമ്പനിയുടെ ചെയര്‍മാനായിരുന്നു പ്രവീണ്‍. വന്‍ പലിശ വാഗ്ധാനം ചെയ്തായിരുന്നു കോടികളുടെ തട്ടിപ്പ്. പ്രവീണ്‍ റാണ ഒളിവില്‍ പോയതിന് പിന്നാലെ ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നേപ്പാള്‍ അതിര്‍ത്തി വഴി രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. കൊച്ചിയിലെ ഫ്‌ലൈ ഹൈ ബാര്‍, നവി മുംബൈയിലെ 1500 കോടിയുടെ പദ്ധതി, ബംഗലൂരരുവിലും പുണെയിലുമുളള ഡാന്‍സ് ബാറുകള്‍ , ഇങ്ങനെ നിരവധിയനവധിപ്പദ്ധതികളില്‍ താന്‍ പണം മുടക്കിയെന്നാണ് റാണ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ തൃശൂരിലെ സേഫ് ആന്റ് സ്‌ട്രോങ് കേന്ദ്ര ഓഫീസ് വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത പല സ്ഥാപനങ്ങളും കടലാസ് കമ്പനികളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
സേഫ് ആന്റ് സ്‌ട്രോങ്’ നിക്ഷേപത്തട്ടിപ്പില്‍ പൊലീസ് കേസുകള്‍ പിന്‍വലിപ്പിക്കാനും നീക്കം നടന്നിരുന്നു. പരാതി പിന്‍വലിച്ചാല്‍ ചെക്കുകള്‍ നല്‍കാമെന്നായിരുന്നു പ്രതി പ്രവീണ്‍ റാണയുടെ വാഗ്ദാനം. ഇടനിലക്കാരാണ് ഇക്കാര്യം ചില നിക്ഷേപകരെ അറിയിച്ചത്. പ്രവീണ്‍ റാണ ജയിലില്‍ പോയാല്‍ നയാ പൈസ കിട്ടില്ലെന്നും ഇടനിലക്കാര്‍ പരാതിക്കാരെ അറിയിച്ചിതായാണ് റിപോര്‍ട്ടുകള്‍ പുറത്തുവന്നത്.