കൊച്ചി: ബിഗ്‌ബോസില്‍ നിന്ന് പുറത്തായ താരത്തെ സ്വീകരിക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ തടിച്ചുകൂടിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിഗ്‌ബോസ് താരം രജിത് കുമാറിനെ സ്വീകരിക്കാനാണ് 100 ലേറെ വരുന്ന ആരാധകര്‍ വിമാനത്താവളത്തില്‍ തടിച്ചു കൂടിയത്.

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരന്നു. ഈ നിര്‍ദേശം ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് പോലീസ്, കളക്ടര്‍ എസ്. സുഹാസിന്റെ നിര്‍ദേശ പ്രകാരം കേസെടുത്തത്. രജിത് കുമാറിനെതിരേയും കേസുണ്ട്.

പേരറിയാവുന്ന നാല് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയുമാണ് കേസ്. മനുഷ്യ ജീവനേക്കാള്‍ വില താരാരാധനയ്ക്കില്ലെന്ന് കളക്ടര്‍ പറഞ്ഞു.

“കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു TV ഷോയിലെ മത്സരാർഥിയും ഫാൻസ്‌ അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്.”

ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങൾ പോലും എല്ലാ വിധ സംഗം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ലെന്നും കലക്ടർ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.