പത്തനംതിട്ട: ശബരിമല ക്ഷേത്ര ദർശനത്തിനായി പുറപ്പെട്ട ചേർത്തല സ്വദേശിനി സിഎസ് ലിബിക്കെതിരെ പൊലീസ് കേസ്. ബിജെപി നൽകിയ പരാതിയിലാണ് മതസ്‌പർദ്ധ വളർത്താൻ ശ്രമിച്ചതിന് ലിബിയെ പ്രതിയാക്കിയിരിക്കുന്നത്.

ഐടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലിബി സിഎസ് തന്റെ ഫെയ്‌സ്ബുക് പേജിലെ പോസ്റ്റുകൾ വഴി മത‌സ്‌പർദ്ധ വളർത്താൻ ശ്രമിച്ചെന്നാണ് പരാതി. പത്തനംതിട്ട പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ഇന്ന് രാവിലെയാണ് ലിബിയും സംഘവും ചേർത്തലയിൽ നിന്ന് ശബരിമലയിലേക്ക് യാത്ര ആരംഭിച്ചത്. യാത്രാമദ്ധ്യേ ഇവരെ ചിലർ തടഞ്ഞു. തുടർന്ന് ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെത്തിയ ലിബി പൊലീസിന് പരാതി നൽകി.

പിന്നീട് ശബരിമലയിലേക്കുളള യാത്ര തുടരുന്നതിനായി ലിബിയെ പൊലീസ് പത്തനംതിട്ട ബസ് സ്റ്റാന്റിലെത്തിച്ചു. എന്നാൽ ബസ് സ്റ്റാന്റിൽ വച്ച് വീണ്ടും ഇവരെ ആളുകൾ വീണ്ടും തടഞ്ഞു. ശബരിമലവരെ ലിബിക്ക് സുരക്ഷയൊരുക്കാൻ സാധിക്കില്ലെന്ന് പൊലീസ് നിലപാടെടുത്തതോടെ ഇവർക്ക് മടങ്ങേണ്ടി വന്നു.

നമ്മൾ വിജയിക്കുക തന്നെ ചെയ്യും, പൊലീസ് ഒപ്പമുണ്ട്, ഉച്ചയോടെ ശബരിമലയിലെത്തുമെന്ന് ലിബി പിന്നീട് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.