തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കെ.ടി ജലീൽ എംഎൽഎ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. സ്വപ്‌ന സുരേഷിനെയും പി.സി ജോർജിനെയും പ്രതിചേർത്ത് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്.
120ബി, 153 വകുപ്പുകള്‍ പ്രകാരം ഗൂഢാലോചന, കലാപ ശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശം ലഭിച്ച ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക.
രാഷ്ട്രീയമായി തന്നെയും സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് കെടി ജലീലിന്റെ പരാതി. തെറ്റായ വിവരങ്ങൾ നൽകി കലാപത്തിനുള്ള ശ്രമം നടത്തുന്നു എന്നും പരാതിയിൽ പറയുന്നു. രണ്ട് മാസങ്ങള്‍ക്ക് മുമ്പുതന്നെ പി.സി. ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇതിനായി ഗൂഢാലോചന നടന്നുവെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന ജോര്‍ജിന്റെ ശബ്ദരേഖ അതിന് തെളിവാണെന്നും കെ.ടി ജലീൽ നൽകിയ പരാതിയിൽ പറയുന്നു.
സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഇന്ന് രാവിലെ മുഖ്യമന്ത്രിയും പൊലീസ് മേധാവി അനിൽകാന്തും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കെ.ടി ജലീൽ പരാതിയുമായി സ്റ്റേഷനിൽ എത്തിയത്.
Also Read: പ്രചരിപ്പിക്കുന്നത് കാറ്റുപിടിക്കാതെ പോയ നുണക്കഥകള്‍, രാഷ്ട്രീയ ഗൂഢാലോചന: സി പി എം