കണ്ണൂര്‍: ശബരിമലയിൽ സ്പെഷൽ ഡ്യൂട്ടിയിലുളള എസ്‌പി യതീഷ് ചന്ദ്രയെ ഭീഷണിപ്പെടുത്തിയതിന് ശോഭ സുരേന്ദ്രനെതിരെ കണ്ണൂരില്‍ കേസെടുത്തു. ബിജെപിയുടെ കണ്ണൂർ എസ്‌പി ഓഫീസിൽ നടന്ന മാർച്ചിനിടെയാണ് ഇവർ ഭീഷണി പ്രസംഗം നടത്തിയത്.

“യതീഷ് ചന്ദ്ര ബൂട്ടിട്ടു ചവിട്ടാന്‍ വന്നാല്‍ ദണ്ഡ കൈയ്യിലുള്ളവരാണ് ആര്‍എസ്എസുകാര്‍, അത് ഓർക്കണം,” എന്നായിരുന്നു പ്രസംഗം. “ആയുധമുറ പഠിച്ചവരാണ് ആര്‍എസ്എസുകാര്‍,” എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു.

നേരത്തെ, കണ്ണൂരില്‍ എസ്‌പി ഓഫീസ് മാര്‍ച്ചിനിടെ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെയും പൊലീസ് കേസെടുത്തിരുന്നു. ശബരിമലയിൽ 52 കാരിയെ ആക്രമിച്ച കേസിൽ കൊട്ടാരക്കരയിൽ തടവിൽ കഴിയുകയായിരുന്ന സുരേന്ദ്രനെ പിന്നീട് അറസ്റ്റ് ചെയ്ത് കണ്ണൂരിൽ എത്തിച്ചു. ഇവിടെ വച്ച് രണ്ട് ആൾ ജാമ്യത്തിൽ സുരേന്ദ്രൻ റിമാന്റിൽ നിന്ന് ഒഴിവായി.

കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പല തവണയായി കേസിൽ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഫെബ്രുവരി 14നു സുരേന്ദ്രന്‍ വീണ്ടും ഹാജരാകണം.

ശബരിമല അടക്കമുളള ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടവരവ് കുറയ്ക്കുക എന്നത് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ ഇന്നലെ പറഞ്ഞിരുന്നു. ദേവസ്വം ബോർഡിന്റെ ഒരു ക്ഷേത്രത്തിലും പണമിടരുതെന്ന് ഭക്തരോട് അഭ്യർത്ഥിക്കുകയാണ്. കോടാനുകോടി രൂപയുടെ വരുമാനം ദേവസ്വം ബോർഡിന് ഉണ്ടാക്കി കൊടുക്കുന്ന ഭക്തരോടുള്ള സർക്കാരിന്റെ നിഷേധപൂർവ്വമായ നടപടിക്കെതിരെ കണ്ണ് തുറപ്പിക്കാനുള്ള ശ്രമമാണ് ഇതെന്നും ശോഭ സുരേന്ദ്രൻ കണ്ണൂരിൽ പറഞ്ഞിരുന്നു.

പൊലീസിനെ നേരിടാൻ ആർഎസ്എസ്സിന്റെ പരിശീലനം ലഭിച്ച വിഭാഗമായ നിയുക്തയെ രംഗത്ത് ഇറക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ