scorecardresearch

തിക്കോടിയിലെ കൊലവിളി മുദ്രാവാക്യം: സിപിഎം പ്രവർത്തകർക്കെതിരെ കേസ്

ക്രമസമാധാനം തകർക്കൽ, കലാപ ആഹ്വാനം, അന്യമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്

CPM, CPM March

കോഴിക്കോട്: തിക്കോടിയിൽ സിപിഎം പ്രതിഷേധ പ്രകടനത്തിനിടെ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കോൺഗ്രസ് തിക്കോടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാജീവൻ മാസ്റ്ററുടെ പരാതിയിൽ, കണ്ടാലറിയുന്ന സിപിഎം പ്രവർത്തകർക്കെതിരായാണ് കേസ്. ക്രമസമാധാനം തകർക്കൽ, കലാപ ആഹ്വാനം, അന്യമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.

തിക്കോടിയിൽ ചൊവ്വാഴ്ച രാത്രി നടന്ന പ്രതിഷേധത്തിനിടെയാണ് സിപിഎം പ്രവർത്തകർ കൊലവിളി മുദ്രാവാക്യം ഉയർത്തിയത്. ശുഹൈബിനെയും കൃപേഷിനെയും ഓർമയില്ലേ എന്ന് ചോദിക്കുന്നതതായിരുന്നു മുദ്രാവാക്യം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി കൊത്തിക്കീറുമെന്നും ഭീഷണി മുഴക്കി. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗം വി പി ദുല്‍ഖിഫില്‍ ഡിജിപിക്കു പരാതി നൽകിയിരുന്നു. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിനു യൂത്ത് കോൺഗ്രസ് ഇ-മെയിൽ വഴി പരാതി നൽകിയിരുന്നു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിനെതിരെയായിരുന്നു സിപിഎമ്മിന്റെ തിക്കോടിയിലെ പ്രകടനം. പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംസ്ഥാനത്ത് പലയിടങ്ങളിലും കോൺഗ്രസ് ഓഫീസുകൾക്കു നേരെ ആക്രമണം നടന്നിരുന്നു.

Also Read: കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Police case against cpm provocative slogan in theekkodi