തൃശൂർ: തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഇന്നലെ നടന്ന ബിജെപി സമ്മേളനത്തിനെതിരെ പൊലീസ് കേസ്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനാണ് കേസെടുത്തത്. പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്‌ഡയെ പ്രതി ചേർക്കുമെന്നും പൊലീസ് വ്യക്തമാക്കി. സംസ്ഥാന, ജില്ലാ നേതാക്കളെയും കേസിൽ പ്രതി ചേർക്കും.

Read Also: ‘ഇതൊക്കെ കണ്ണൂർ രാഷ്ട്രീയത്തിന്റെ ശെെലി’; സുധാകരനെ പിന്തുണച്ച് മുല്ലപ്പള്ളി

ബിജെപിയുടെ വിപുലമായ സമ്മേളനമാണ് തൃശൂരിൽ ഇന്നലെ നടന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് ദേശീയ അധ്യക്ഷൻ അടക്കമുള്ള പ്രമുഖർ കേരളത്തിലെത്തിയത്. വ്യാഴാഴ്‌ച തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന സമ്മേളനത്തിൽ 5,000 ത്തിലേറെ ആളുകൾ പങ്കെടുത്തതായാണ് വിവരം. കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുക്കുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാണ് സമ്മേളനം നടന്നതെന്ന് പൊലീസ് പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങളും പൊതു പരിപാടികളും നടക്കുന്നുണ്ട്. എന്നാൽ, പലയിടത്തും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ ആരോപണം. സമ്മേളനങ്ങളിൽ ആളുകളുടെ എണ്ണം പരിമിതപ്പെടുത്താനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിർദേശം നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.