പത്തനംതിട്ട: ആറന്മുള സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച പരാതിയിൽ മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനെ പ്രതിയാക്കി ആറന്മുള പൊലീസ് കേസെടുത്തു. ലക്ഷങ്ങൾ തട്ടിച്ചെന്ന ആറന്മുള സ്വദേശി ഹരികൃഷ്ണന്റെ പരാതിയിലാണ് കേസ്. കുമ്മനം നാലാം പ്രതിയാണ്. കുമ്മനത്തിന്റെ മുൻ പിഎ പ്രവീണാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വിജയനും മൂന്നാം പ്രതി സേവ്യറുമാണ്.

പത്തനംതിട്ട എസ്പിക്ക് ലഭിച്ച പരാതി തുട‍ർനടപടികൾക്കായി ഡിവൈഎസ്പിക്ക് കൈമാറി. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് ആറന്മുള പൊലീസ് സാമ്പത്തിക തട്ടിപ്പിനുള്ള വകുപ്പുകൾ ചേ‍ർത്ത് കുമ്മനമടക്കം ഒൻപത് പേരെ പ്രതിയാക്കി കേസെടുത്തത്. ഐപിസി 406, 420 വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്.

Read More: സ്വർണക്കടത്ത് കേസ്: ശിവശങ്കർ പ്രതിയല്ലെന്ന് എൻഐഎ, ജാമ്യഹർജി തീർപ്പാക്കി

പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ നിർമിക്കുന്ന പാലക്കാട്ടെ ന്യൂഭാരത് ബയോ ടെക്‌നോളജി എന്ന കമ്പനിയുടെ ഓഹരിയുടമ ആക്കാമെന്ന് പറഞ്ഞാണ് കുമ്മനം അടക്കമുള്ളവർ തട്ടിപ്പ് നടത്തിയതെന്നു പരാതിയിൽ പറയുന്നു. കുമ്മനം മിസോറാം ​ഗവർണറായിരുന്ന സമയത്താണ് പണം നൽകിയതെന്നാണ് പരാതിയിൽ പറയുന്നത്.

28.75 ലക്ഷം രൂപ കമ്പനിയിൽ നിക്ഷേപിച്ചെങ്കിലും വ‍ർഷങ്ങൾ കഴി‍ഞ്ഞിട്ടും നടപടിയുണ്ടായില്ല. പണം തിരികെ കിട്ടാൻ പലവട്ടം മധ്യസ്ഥത ചർച്ചകൾ നടത്തിയിരുന്നതായും ഇതിന്റെ അടിസ്ഥാനത്തിൽ പലതവണയായി നാലര ലക്ഷം രൂപ കിട്ടിയെന്നും ഹരികൃഷ്ണൻ പറയുന്നു.

അതേസമയം, കേസെടുത്ത നടപടി രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു. കമ്പനി തുടങ്ങുന്നത് പറഞ്ഞിട്ടുണ്ടെങ്കിലും പണമിടപാട് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കുമ്മനം രാജശേഖരനെ കേസുകളില്‍ കുടുക്കി വേട്ടയാടി ബി.ജെ.പിയെ തകര്‍ക്കാമെന്ന വ്യാമോഹം വിലപ്പോവില്ലെന്നു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് അടക്കമുള്ള കേസില്‍ നാണം കെട്ട സര്‍ക്കാര്‍ അതില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ഗൂഢ നീക്കമാണ് കേസ്. രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.