കണ്ണൂര്‍: ഫസല്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിതിന് ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ കേസ്. ഡിവൈഎസ്പി മാരായ സദാനന്ദനേയും പ്രിൻസ് അബ്രഹാമിനേയും ആണ് സുരേന്ദ്രന്‍ ഫെയ്സ്ബുക്ക് പോസ്റ്റ് വഴി ഭീഷണിപ്പെടുത്തിയിരുന്നത്. ഫസല്‍ വധക്കേസില്‍ സുബീഷിന്റെ മൊഴി പുറത്തുവന്നതിന് പിന്നാലെയായിരുന്നു സുരേന്ദ്രന്റെ ഭീഷണി.

ജയരാജനും സംഘവും കാരായി രാജനേയും ചന്ദ്രശേഖരനേയും രക്ഷപ്പെടുത്താൻ ഏത് കുടിലതന്ത്രവും പ്രയോഗിക്കുമെന്നതിൽ അദ്ഭുതമില്ലെന്നും എന്നാൽ ഡി. വൈ. എസ്. പി മാരായ സദാനന്ദനും പ്രിൻസ് അബ്രഹാമും ഇത് ചെയ്യുന്നത് ശരിയാണോ എന്ന് സുരേന്ദ്രന്‍ ചോദിച്ചു.

“എന്താണ് അവർക്ക് ഈ കേസ്സിലുള്ള താൽപ്പര്യം? അവരെ ഫസൽ കേസ്സ് പുനരന്വേഷിക്കാൻ പിണറായി സർക്കാർ ഏൽപ്പിച്ചിട്ടുണ്ടോ? പ്രസക്തമായ ചോദ്യമാണ് ഞാൻ ചോദിക്കുന്നത്. ഇനി അഥവാ വേറൊരു കേസ്സിൽ ചോദ്യം ചെയ്യുന്നതിനിടയിൽ കിട്ടിയ പ്രതിയുടെ മൊഴിയാണെങ്കിൽ തന്നെ ഇങ്ങനെ നല്ലൊരൊന്നാന്തരം വീഡിയോ ഉണ്ടാക്കി വേറൊരു കേസ്സിൽ കോടതിയിൽ കൊടുക്കുന്ന പതിവ് ഇന്ത്യയിൽ വേറെ ഏതെങ്കിലും കേസ്സിൽ ഉണ്ടായിട്ടുണ്ടോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

“അങ്ങനെയെങ്കിൽ ചന്ദ്രശേഖരൻ കേസ്സ് അന്വേഷിക്കുന്നതിനിടയിൽ ടി. കെ രജീഷ് നൽകിയ മൊഴി എവിടെപ്പോയി? താനാണ് കെ. ടി. ജയകൃഷ്ണൻ മാസ്ടറെ ആദ്യം വെട്ടിയതെന്ന് രജീഷ് മൊഴി നൽകിയതെവിടെ? അപ്പോൾ കാര്യം വളരെ വ്യക്തം. സി. പി. എം കാരായ ഈ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് സി. ബി. ഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കേസ്സിലെ പ്രതികളെ രക്ഷിക്കാനാണ് ഈ സി. ഡി നാടകം ഉണ്ടാക്കിയത്. ഇതു സർവീസ് ചട്ടങ്ങൾക്കു നിരക്കുന്നതാണോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

“ഇവർ ആരുടെ ഇംഗിതമാണ് കണ്ണൂരിൽ നടപ്പാക്കുന്നത്? ഇവർ ചെയ്തത് കുററമല്ലേ? ഇവർക്കെതിരെ നടപടി ആവശ്യമില്ലേ? എടോ സദാനന്ദാ പ്രിൻസേ നീയൊക്കെ പാർട്ടിക്കാരൻമാരാണെങ്കിൽ രാജി വെച്ചിട്ട് ആ പണിക്കു പോകണമെന്നും സുരേന്ദ്രന്‍ പറയുന്നു. “ഇമ്മാതിരി വൃത്തികേടു കാണിച്ചാൽ അത് മനസ്സിലാവാതിരിക്കാൻ ഞങ്ങൾ വെറും പോഴൻമാരൊന്നുമല്ല. സർവീസ് കാലാവധി കഴിഞ്ഞാൽ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാർ തന്നെ. മൈൻഡ് ഇററ്”, എന്ന് ഭീഷണിപ്പെടുത്തിയാണ് സുരേന്ദ്രന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.