തൃശൂര്‍: കൊറോണ ബാധ സംശയിച്ച് തൃശൂരില്‍ ദമ്പതികളെ ഫ്‌ളാറ്റിനുള്ളില്‍ പൂട്ടിയിട്ടു. ഇവര്‍ സൗദിയില്‍ നിന്ന് വന്നതായിരുന്നു. ഡോക്ടറെ പൂട്ടിയിട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും ഡോക്ടറുടെ മാതാപിതാക്കളെയാണ് പൂട്ടിയിട്ടതെന്നും തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ എസ്‌ഐ പി.പി.ജോയ് പറഞ്ഞു. സംഭവത്തില്‍ ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

തൃശൂർ മുണ്ടുപാലത്തെ ഫ്ലാറ്റിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നതെന്നാണ് സൂചന. ഇവരെ പൂട്ടിയിട്ടതിന് ശേഷം ഫ്ലാറ്റിന്റെ വാതിലിന് പുറത്ത് കൊറോണ എന്ന് എഴുതിവയ്ക്കുകയും ചെയ്തു. ഇവർക്ക് കൊറോണ ബാധയുണ്ടെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.

കേരളത്തില്‍ ഇതുവരെ കോവിഡ്-19 രോഗം 24 പേര്‍ക്കാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ മൂന്നുപേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 21 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 156 രാജ്യങ്ങളിലാണ് കോവിഡ്-19 പടര്‍ന്നുപിടിച്ചിട്ടുള്ളത്.

Read Also: Explained: കോവിഡ് 19-നെ ഇന്ത്യ നേരിടുന്നതെങ്ങനെ?

കോവിഡ് 19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന നാലുപേരുടെയും ആരോഗ്യനിലയിൽ പുരോഗതിയുള്ളതും ശുഭകരമായ വാർത്തയാണ്. റാന്നി ഐത്തല സ്വദേശികളായ വയോധികരായ ദമ്പതികളും ഇവരുടെ അടുത്ത ബന്ധുക്കളായ തിരുവാര്‍പ്പ് ചെങ്ങളം സ്വദേശികളായ യുവദമ്പതികളുമാണ് മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്.

യുവദമ്പതികളുടെ നാലര വയസുള്ള മകള്‍ക്ക് വൈറസ് ബാധയില്ലെന്ന് നേരത്തെ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. ഇതിനിടയില്‍ ഞായറാഴ്ച വൈകുന്നേരം ചെങ്ങളത്തുനിന്ന് ഒരു വയസുള്ള കുട്ടിയെയും റാന്നി പഴവങ്ങാടിയില്‍നിന്ന് 36 വയസുള്ള യുവതിയേയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ രക്ത, സ്രവ സാന്പിളുകളുടെ പരിശോധനാ ഫലം 48 മണിക്കൂറിനകം ലഭിക്കും. ഞായറാഴ്ച രണ്ടുപേര്‍ കൂടി ഐസലേഷന്‍ വാര്‍ഡില്‍ എത്തിയതോടെ ഇവിടെ കഴിയുന്നവരുടെ എണ്ണം 11 ആയി.

പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ കഴിയുന്ന ഒന്നര വയസുള്ള കുഞ്ഞുൾപ്പെടെയുള്ളവരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണ്. പന്തളം സ്വദേശിയുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.